വിടർന്നു... ആശ്വാസ പുഞ്ചിരി



  ബത്തേരി ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന‌് വർഷങ്ങളായി ചികിത്സയിലുള്ള വിധവയ‌്ക്കും യുവതിയായ മകൾക്കും തലചായ‌്ക്കാൻ ലൈഫ‌് പദ്ധതി തുണയായി.   നൂൽപ്പുഴ പഞ്ചായത്തിലെ 11 ‐-ാം വാർഡിൽ ഉൾപ്പെട്ട തേക്കുംപറ്റയിലെ കോയിപ്പുറത്ത‌് സുമയ‌്ക്കും (38) മകൾ സൂര്യയ‌്ക്കും (20) ആണ‌് ലൈഫിൽ സ്വന്തമായി അടച്ചുറപ്പും ഭംഗിയുമുള്ള വീട‌് നിർമിച്ച‌് താമസിക്കാനായത‌്. സ്വന്തമായി സ്ഥലവും വീടും ഇല്ലാതിരുന്ന സുമയും മകളും 15 വർഷം വാടക മുറിയിലാണ‌് കഴിഞ്ഞത‌്.   കല്ലൂരിലെ തട്ടുകടയിലെ സഹായിയായും കൂലിപണിയെടുത്തും മിച്ചംവച്ച ചെറുതുക കൊണ്ട‌് മൂന്ന‌് സെന്റ‌് വയൽ വിലയ‌്ക്ക‌് വാങ്ങിയാണ‌് ലൈഫിൽ വീടിന‌് പഞ്ചായത്തിൽ അപേക്ഷിച്ചത‌്. ഒന്നാംഘട്ടത്തിൽ വീട‌് ലഭിച്ച ഇവർക്ക‌് വീട‌് പണി പൂർത്തീകരിക്കുന്നതിന‌് സുമനസ്സുകളുടെ സഹായവുമുണ്ടായി. അസുഖത്തെ തുടർന്ന‌് വർഷങ്ങളായി വീട്ടിൽ തന്നെ കഴിയുകയാണ‌് സുമ. മകൾ സൂര്യ പ്ലസ‌്ടു കഴിഞ്ഞ ശേഷം കുറച്ചു കാലം ഹൈദരബാദിൽ ആയുർവേദ തെറാപ്പിസ്‌റ്റായി ജോലി നോക്കിയെങ്കിലും അമ്മയുടെ അസുഖവും കൊറോണ പ്രതിസന്ധിയും കൊണ്ട‌് തൊഴിൽ ഉപേക്ഷിച്ച‌് നാട്ടിലേക്ക‌് മടങ്ങി.   മുടങ്ങാതെ കിട്ടുന്ന വിധവ പെൻഷനല്ലാതെ മറ്റൊരു വരുമാനവുമില്ലാത്ത തനിക്കും മകൾക്കും ഇതുപോലൊരു നല്ല വീട്ടിൽ അന്തിയുറങ്ങാൻ കഴിയുന്നത‌് സർക്കാറിന്റെയും പഞ്ചായത്തിന്റെയും പാവങ്ങളോടുള്ള കരുതലിന്റെ ഭാഗമായിട്ടാണെന്ന‌് സുമ പറഞ്ഞു. Read on deshabhimani.com

Related News