കോടികളുടെ കൊള്ളനടന്നതായി അന്വേഷണ കമീഷൻ



കൽപ്പറ്റ  ബത്തേരിയിലെ   സഹകരണസ്ഥാപനങ്ങളിൽ നിയമനത്തിന്റെ മറവിൽ  കോൺഗ്രസ്‌  നേതാക്കൾ  കോടികളുടെ കൊള്ള നടത്തിയെന്ന്‌  ഡിസിസി നിയോഗിച്ച അന്വേഷണ കമീഷൻ കണ്ടെത്തി‌. ബത്തേരി അർബൻ ബാങ്കിൽ നിയമനം നടത്താൻ ഉദ്യോഗാർഥികളിൽനിന്ന്‌ ലക്ഷങ്ങൾ കോഴവാങ്ങിയിട്ടും  ജോലിനൽകിയില്ലെന്ന പരാതി അന്വേഷിക്കാൻ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി നിയോഗിച്ച കമീഷനാണ്‌ കോൺഗ്രസ്‌ ഭരിക്കുന്ന സഹകരണസ്ഥാപനങ്ങളിലെ പകൽക്കൊള്ള തുറന്നുകാട്ടുന്നത്‌‌. ഡിസിസി സെക്രട്ടറിയും മീനങ്ങാടി പഞ്ചായത്ത്‌ പ്രസിഡന്റുമായ കെ ഇ വിനയൻ ചെയർമാനും ഡി പി രാജശേഖരൻ കൺവീനറും  ബിനു തോമസ്‌ അംഗവുമായ കമീഷൻ ‌  പുറത്തുവിട്ടത്‌ അഴിമതിയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ.  അർബൻ ബാങ്കിൽ ആറ്‌ ഒഴിവുകൾ മാത്രമുള്ളപ്പോൾ ഇരുപതോളംപേരിൽനിന്ന്‌ പണംപിരിച്ചു.  ഓരോ സീറ്റിനും 35 ലക്ഷംവരെ പിരിച്ചു. എന്നാൽ അതിൽ കൂടുതൽ തുക നൽകിയവർക്ക്‌ നിയമനംനൽകി. 22  പരാതിക്കാരിൽനിന്നാണ്‌ കമീഷൻ തെളിവ്‌ ശേഖരിച്ചത്‌. വഞ്ചിക്കപ്പെട്ടതിൽ കോൺഗ്രസ്‌  ബ്ലോക്ക്‌ സെക്രട്ടറി  മുതൽ ഡിസിസി സെക്രട്ടറി വരെയുണ്ട്‌. അർബൻ ബാങ്കിൽ തന്റെ മകന്‌ നിയമനം നൽകാൻ 20 ലക്ഷം ആവശ്യപ്പെട്ടുവെന്നും കൂടുതൽ തുക നൽകിയ മറ്റൊരാൾക്ക്‌ ജോലിനൽകിയെന്നുമാണ്‌ പൂതാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കമീഷന്‌ പരാതി നൽകിയത്‌.     കമീഷൻ  നിഗമനങ്ങൾ ബത്തേരിയിൽ രാഷ്ട്രീയമായി പാർടിക്കുണ്ടായ തകർച്ചക്ക് പ്രധാന കാരണം കുറേ വർഷങ്ങളായി സഹകരണ ബാങ്കുകളിൽ നടക്കുന്ന നിയമനങ്ങളും അതുമായി ബന്ധപ്പെട്ടുയർന്ന കോടികളുടെ അഴിമതി ആരോപണങ്ങളുമാണെന്ന് കമീഷൻ റിപ്പോർട്ടിലുണ്ട്‌.  അർബൻ ബാങ്ക്‌ ഒഴികെ  ബാക്കിയുള്ള എല്ലാ സഹകരണ സ്ഥാപനങ്ങളും പാർടിക്ക് നഷ്ടപ്പെട്ടതിന്‌ പിന്നിൽ ഈ അഴിമതിയാണ്‌.   പ്രവർത്തകർ മണ്ഡലം കമ്മിറ്റികളുടെ ശുപാർശയോടെ തങ്ങളാൽ കഴിയുംവിധം 10 മുതൽ 25 ലക്ഷം രൂപ വരെ നൽകാമെന്ന് പറഞ്ഞിട്ടും നിയമനം നൽകിയില്ല. അതിനേക്കാൾ വലിയ തുകക്ക്‌ ഓരോ തസ്‌തികയും  വിറ്റു.   സിപിഐ എം സഹകരണ സ്ഥാപനങ്ങൾ നിയമനങ്ങൾ മുഴുവൻ സമയ പാർടി പ്രവർത്തകരുടെ കുടുംബാംഗങ്ങൾക്ക് നൽകി കുടുംബത്തിന്റെ  സുരക്ഷിതത്വം ഉറപ്പാക്കുമ്പോൾ കോൺഗ്രസ്‌  വിറ്റ് കാശാക്കുകയാണ്. കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗോപിനാഥനെയും ഡോ.സണ്ണി ജോര്‍ജിനെയും ആഗസ്‌ത്‌ 12ന്‌  പാര്‍ടിയില്‍നിന്ന്‌ ആറുമാസത്തേക്ക്‌ സസ്‌പെന്‍ഡ് ചെയ്തിരുന്നു.   എൻ ഡി അപ്പച്ചനെതിരെയും പരാതി ബത്തേരി അർബൻ ബാങ്കിൽ തന്റെ ബന്ധുവിന്‌ ജോലിക്കുവേണ്ടി എൻ ഡി അപ്പച്ചൻ 20 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ്‌ സ്‌റ്റീഫൻ സാജുവിന്റെ പരാതി.  കെ കെ ഗോപിനാഥനെ സമീപിച്ചപ്പോൾ 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. പിന്നീട്‌ മലവയൽ ഐസക്‌ മുഖേനെ എൻ ഡി അപ്പച്ചന്റെ വീട്ടിൽ പോയപ്പോൾ ജോലിനൽകാമെന്ന്‌ പറയുകയും മലവയൽ ഐസക്‌ എൻ ഡി അപ്പച്ചനുവേണ്ടി 20 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നുമാണ്‌ ആരോപണം.    കമീഷന്‌ ലഭിച്ചത്‌ 22 പരാതി ബത്തേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍  നടത്തിയ  സിറ്റിങ്ങില്‍ 22 പരാതിയാണ് ലഭിച്ചത്. പൂതാടി പഞ്ചായത്ത് പ്രസിഡന്റും അര്‍ബന്‍ ബാങ്ക് മുന്‍ ഡയറക്ടറുമായ മേഴ്‌സി സെബാസ്റ്റ്യന്‍, ബത്തേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ടി ജി വിജയന്‍, കെ പിസിസി മെമ്പർ കെ കെ വിശ്വനാഥന്‍, ചീരാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി വി എന്‍ യശോധരന്‍, ചീരാല്‍ മണ്ഡലം മുന്‍ പ്രസിഡന്റ് കെ ആര്‍ സാജന്‍, യൂത്ത് കോണ്‍ഗ്രസ് ബത്തേരി ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ലിജോ ജോര്‍ജ്, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സ്റ്റീഫന്‍ സാജു, ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ വി ശശി, വാകേരി മണ്ഡലം പ്രസിഡന്റ് സണ്ണി സെബാസ്റ്റ്യന്‍, വടക്കനാട് മണ്ഡലം പ്രസിഡന്റ് പി കെ അനീഷ്, ബത്തേരി മണ്ഡലം പ്രസിഡന്റ് സതീഷ് പൂതിക്കാട്, നൂല്‍പ്പുഴ മണ്ഡലം വൈസ് പ്രസിഡന്റ് പി വി ഐസക്, ഡിസിസി ജനറല്‍ സെക്രട്ടറി എന്‍ യു ഉലഹന്നാന്‍, ബത്തേരി മണ്ഡലം മുന്‍ പ്രസിഡന്റ് ബാബു പഴുപ്പത്തൂര്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ആര്‍ പി ശിവദാസ്, എന്‍ സി കൃഷ്ണകുമാര്‍, നെന്‍മേനി മണ്ഡലം മുന്‍ പ്രസിഡന്റ് കെ എ ഐസക്, ചീരാല്‍ മണ്ഡലം വൈസ് പ്രസിഡന്റ് എം സുരേന്ദ്രന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കെ എം കുര്യാക്കോസ് എന്നിവരും  വാകേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി, യൂത്ത് കോണ്‍ഗ്രസ് ബത്തേരി നിയോജകമണ്ഡലം കമ്മിറ്റി, പൂതാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി എന്നിവയുമാണ് കമീഷന്‌ രേഖാമൂലം പരാതിനല്‍കിയത്. പരാതികളുടെ സംക്ഷിപ്ത ഉള്ളടക്കം സഹിതമാണ് അന്വേഷണ കമീഷന്‍ പാര്‍ടി സംസ്ഥാന, ജില്ലാ നേതൃത്വത്തിന്‌ റിപ്പോര്‍ട്ട് നല്‍കിയത്.  പണം നല്‍കിയിട്ടും നിയമനം ലഭിക്കാത്തവരും പണം തിരികെ കിട്ടാത്തവരും പരാതിക്കാരുടെ നിരയിലുണ്ട്.    Read on deshabhimani.com

Related News