കുതിച്ചു, ആരോഗ്യവും വികസനവും



    വെങ്ങപ്പള്ളി അടിസ്ഥാന വികസനത്തിലും  ആരോഗ്യത്തിലും  കുതിപ്പേകി വെങ്ങപ്പള്ളി. നല്ല ഓഫീസ്‌ സംവിധാനവും സൗകര്യവും ഇല്ലാതെ പദ്ധതികൾ ഇഴയുന്നതായിരുന്നു പഞ്ചായത്തിന്റെ മുൻചരിത്രം. ഇതിലൊരുമാറ്റമായിരുന്നു എൽഡിഎഫ്‌ ഭരണസമിതിയുടെ ലക്ഷ്യം. അതിൽ വിജയവും കണ്ടു. ആധുനിക സൗകര്യങ്ങളോടെ പുതിയ പഞ്ചായത്ത്‌ ഓഫീസ്‌ നിർമിച്ചു. നാടിന്റെ ആകെ ആവശ്യമായിരുന്നു ഇത്‌. സി കെ ശശീന്ദ്രൻ എംഎഎൽയുടെ ആസ്ഥിവികസന ഫണ്ടും  പഞ്ചായത്തിന്റെ വിഹിതവും ചേർത്തായിരുന്നു നിർമാണം.  എംഎൽഎ ഫണ്ടിൽനിന്നും 35.95 ലക്ഷം  വിനിയോഗിച്ചാണ്‌ കെട്ടിടം നിർമിച്ചത്‌. ജനങ്ങൾക്ക്  സേവനങ്ങൾ ഏറ്റവും വേഗത്തിൽ ലഭ്യമാക്കാൻ നൂതന സംവിധാനങ്ങളാണ്‌ ഒരുക്കിയത്‌.  മുമ്പ് പഞ്ചായത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന കെട്ടിടം പരിമിതിയിൽ വീർപ്പ്‌ മുട്ടുന്നതായിരുന്നു. എൽഡിഎഫ്  ഭരണസമിതി  വിഷയം ഗൗരവമായി കണ്ടു. 2016-–-17 വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപക്ക്‌ ‌‌ 20 സെന്റ് സ്ഥലം വാങ്ങിയാണ്‌ കെട്ടിടം നിർമിച്ചത്‌. എംഎൽഎ ഫണ്ടിന്‌ പുറമേ 2017-–-18 വർഷത്തെ  പ്ലാൻ ഫണ്ടിൽ നിന്നും അഞ്ച്‌ ലക്ഷംകൊണ്ട്‌ ഫ്ളോറിങ് പൂർത്തിയാക്കി. തൊട്ടടുത്ത വർഷം  10 ലക്ഷം വിനിയോഗിച്ച്‌  ചുറ്റുമതിൽകെട്ടി. മുറ്റം ഇന്റർലോക്ക്‌ ചെയ്‌തു. വൈദ്യുതീകരണത്തിനും ഇന്റീരിയിൽ പ്രവൃത്തികൾക്കുമായി 25 ലക്ഷം  വിനിയോഗിച്ചു. ഒന്നാംനില പൂർണ സജ്ജമാക്കി ഉദ്‌ഘാടനം ചെയ്‌ത്‌ ഓഫീസ്‌ പ്രവർത്തനം ഇവിടേക്ക്‌ മാറ്റി. രണ്ടാംനിലയുടെ പ്രവൃത്തിയും തുടങ്ങി. 50 ലക്ഷം  എംഎൽഎ ഫണ്ടിലാണ്‌ ഇതിന്റെ നിർമാണവും.  പുതിയ പഞ്ചായത്ത് ഓഫീസ്  വികസനപ്രവർത്തനങ്ങളുടെ നാഴികക്കല്ലാവും.  ഹൈടെക്കായി കുടുംബാരോഗ്യ കേന്ദ്രം ആദിവാസികൾ ഏറെയുള്ള പഞ്ചായത്തിൽ ആരോഗ്യമേഖലക്ക്‌ വലിയ പ്രാധാന്യമാണ്‌  നൽകിയത്‌. സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ പൂർണമായും ഏറ്റെടുത്ത്‌ നടപ്പാക്കി. അതോടൊപ്പം പഞ്ചായത്ത്‌ പദ്ധതികളും ചേർത്തപ്പോൾ മാറ്റം പ്രകടമായി. പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കിയത്‌ ഏറെ ഗുണകരമായി. പിഎച്ച്‌സി  കുടുംബാരോഗ്യ കേന്ദ്രമാക്കിയപ്പോൾ ഒരുകോടിയുടെ പ്രവൃത്തികളാണ്‌ നടത്തിയത്‌.  എല്ലാ ദിവസവും നാല് ഡോക്ടർമാരുടെ സേവനമുണ്ട്‌.  ഒരു  നേഴ്സിനെ പഞ്ചായത്ത് ശമ്പളം നൽകി നിയമിച്ചു. സായാഹ്ന ഒപി തുടങ്ങി.   മരുന്ന്‌ എപ്പോഴും പഞ്ചായത്ത്‌ ഉറപ്പാക്കും.  ആധുനിക  ലാബ് സ്ഥാപിച്ചു. വാഹന പാർക്കിങ് സൗകര്യവുമുണ്ട്.  കോട്ടത്തറ പഞ്ചായത്തിലുള്ളവർക്കും ആശ്രയമാണ്  കുടുംബാരോഗ്യകേന്ദ്രം. പാലിയേറ്റീവ് പ്രവർത്തനവും ശക്തമാക്കി.  ആയുർവേദ ആശുപത്രി പുനരുദ്ധരിച്ചു. ആയൂർവേദ പാലിയേറ്റീവ് സംവിധാനവും ശക്തമാക്കി. ഹോമിയോ ആശുപത്രിയും വിപുലമാക്കി. റോഡ്‌, പാലങ്ങൾ, വീട്‌ തുടങ്ങിയ അടിസ്ഥാന മേഖലകളുടെ വികസനത്തിനൊപ്പം ആരോഗ്യവും സംരക്ഷിച്ചാണ്‌ വെങ്ങപ്പള്ളിയുടെ മുന്നേറ്റം. Read on deshabhimani.com

Related News