എടക്കൽ ഗുഹ സംരക്ഷിക്കാൻ 
പദ്ധതി തയ്യാറാകുന്നു

എടക്കൽ ഗുഹ


  കൽപ്പറ്റ എടക്കൽ ഗുഹ സംരക്ഷിക്കാനുള്ള പദ്ധതി തയ്യാറാക്കി സർക്കാരിന്‌  സമർപ്പിക്കാൻ വിദഗ്‌ധ സമിതി തീരുമാനിച്ചു. കഴിഞ്ഞ ദിവസം  പ്രമുഖ ചരിത്രകാരൻ എം ആർ രാഘവ വാരിയരുടെ നേതൃത്വത്തിൽ ഒമ്പതംഗ വിദഗ്‌ധ സംഘം സ്ഥലം സന്ദർശിച്ച്‌ പരിശോധന നടത്തിയിരുന്നു. ഈ സമിതി യോഗം ചേർന്നാണ്‌ പദ്ധതി തയ്യാറാക്കാൻ തീരുമാനിച്ചത്‌. ഗുഹാ സംരക്ഷണത്തിനായി രൂപീകരിച്ച വിദഗ്‌ധ സമിതിയുടെ അടുത്ത യോഗത്തിൽ വിശദ പദ്ധതി തയ്യാറാക്കി സർക്കാരിന്‌ കൈമാറും.     ഗുഹ സന്ദർശിക്കാവുന്നവരുടെ എണ്ണം പ്രതിദിനം 1920 ആയി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും പഠനം നടത്താതെയാണ്‌ ഈ തീരുമാനമെന്നാണ്‌  വിദഗ്‌ധ സമിതി അഭിപ്രായം. പഠനവിധേയമാക്കി വേണം സന്ദർശകരെ കയറ്റാനെന്നും സമിതി അഭിപ്രായപ്പെട്ടു. ഗുഹയുടെ  ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യത്തെക്കുറിച്ചും  ആവശ്യകതയെക്കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന്‌ പരിപാടികൾ സംഘടിപ്പിക്കും.  പാറകളിലെ കൊത്തുപണികളെക്കുറിച്ച്‌ പഠനം  നടത്തും. കാലാവസ്ഥ എടക്കലിലെ പാറകളെ എങ്ങനെ ബാധിച്ചിട്ടുണ്ടെന്നും പഠനവിധേയമാക്കും. താപനില, ഈർപ്പം, മർദം, ഭൂചലനം എന്നിവ നിരീക്ഷിക്കുന്നതിനായി ഗുഹയ്‌ക്കുസമീപത്തായി ഓട്ടോമേറ്റഡ് കാലാവസ്ഥാ സ്റ്റേഷൻ സ്ഥാപിക്കാനും നിരീക്ഷണത്തിനായി സിസിടിവി  സ്ഥാപിക്കണമെന്നും നിർദേശമുണ്ട്‌. സമിതിയുടെ അന്തിമ ശുപാർശകൾ മാർച്ച് അവസാനത്തോടെ സർക്കാരിന് സമർപ്പിക്കുമെന്ന് ഡോ. എം ആർ രാഘവ വാരിയർ പറഞ്ഞു.      സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ മുൻ ശാസ്ത്രജ്ഞൻ ജി ശങ്കർ, പ്രൊഫ. കെ പി സുധീർ, സയൻസ് ആൻഡ് ടെക്‌നോളജി വകുപ്പ് എക്‌സ് ഒഫീഷ്യോ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഡോ. വി സെൽവകുമാർ, തഞ്ചാവൂർ സർവകലാശാല അസി. പ്രൊഫസർ ശേഖർ കുര്യാക്കോസ്,  ആർക്കിയോളജി വകുപ്പ് ഡയറക്ടർ ഇ ദിനേശൻ, പുരാവസ്തു വകുപ്പ് കൺസർവേഷൻ ഓഫീസർ എസ് ജയ്കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.   Read on deshabhimani.com

Related News