നവീകരണം അന്തിമഘട്ടത്തിൽ പഴശ്ശി പാർക്ക് അണിഞ്ഞൊരുങ്ങുന്നു



  മാനന്തവാടി ജില്ലയിലെ ആദ്യത്തെ ഉദ്യാനമായ മാനന്തവാടിയിലെ പഴശ്ശി പാർക്ക്  നവീകരണം പൂർത്തിയാക്കി വിനോദസഞ്ചാരികൾക്കായി തുറന്ന്‌ കൊടുക്കാനൊരുങ്ങുന്നു. ഏറെക്കാലമായി അടഞ്ഞുകിടന്ന പാർക്കിൽ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ രണ്ടു കോടിയിലധികം രൂപ ചെലവഴിച്ചാണ് നവീകരണ പ്രവൃത്തികൾ നടത്തുന്നത്‌.  ഒ ആർ കേളു എംഎൽഎ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നു 25 ലക്ഷം രൂപയും  ചെലവഴിച്ചു. നഗരത്തിൽനിന്നും വിളിപ്പാടകലെയുള്ള പാർക്കിൽ കുട്ടികളെയും മുതിർന്നവരെയും   ഒരു പോലെ ആകർഷിക്കാൻ കഴിയുന്ന വിധത്തിലാണ് നവീകരണം. മനോഹരമായി നിർമിച്ച സഞ്ചാരപാതയും കുട്ടികൾക്കായുള്ള അമ്യൂസ്‌മെന്റ് പാർക്കും ബോട്ടിങ്ങുമെല്ലാം  ഒരുങ്ങിയിട്ടുണ്ട്‌. പലഘട്ടങ്ങളായി പാർക്കിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നിരുന്നെങ്കിലും വിപുലമായ സംവിധാനം ഒരുങ്ങിയിരുന്നില്ല. തുടർന്നാണ്‌   മോടികൂട്ടാൻ  ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പദ്ധതി തയ്യാറാക്കിയത്.  5 കിയോസ്‌ക്കുകൾ, നടപ്പാത, ബോട്ട് ജെട്ടികൾ, കെട്ടിടങ്ങൾ, ഗേറ്റ്, ലാൻഡ്സ്‌കേപ്പ്, ലൈറ്റിംഗ് ജലധാര , കുട്ടികൾക്കുള്ള കളിസ്ഥലം, ഇരിപ്പിടങ്ങൾ തുടങ്ങിയവയാണ് സജ്ജീകരിച്ചിരിക്കുന്നത്.  കബനി നദിയിലൂടെയുള്ള ബോട്ട് റൈഡും സഞ്ചാരികളെ  ആകർഷിക്കും.  രാവിലെ 9 മുതൽ രാത്രി 9 വരെ പാർക്കിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കും.  സാംസ്‌കാരിക പരിപാടികൾ അവതരിപ്പിക്കാൻ ഓപ്പൺ സ്റ്റേജും ഒരുക്കുന്നുണ്ട്. ബോട്ടുയാത്ര സൗകര്യങ്ങൾ  മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതൽ പെഡൽ ബോട്ടുകളും മറ്റ്ബോട്ടുകളും ഇവിടെ എത്തിക്കും. രണ്ട് സീറ്റുള്ള ബോട്ടിന് 200 രൂപയും നാല് സീറ്റുള്ള ബോട്ടിന് 350 രൂപയുമാണ് ഈടാക്കുക. 10 ഹൈമാസ്റ്റ്‌ ലൈറ്റുകൾ, 96 സ്ട്രീറ്റ് ലൈറ്റുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. വെള്ളച്ചാട്ടം, കുട്ടികൾക്ക് കളിക്കാനുള്ള പാർക്കുകൾ എന്നിവയുടെ നിർമാണം അവസാനഘട്ടത്തിലാണ്.  Read on deshabhimani.com

Related News