പ്രളയ ഉരുൾ പൊട്ടൽ പഠന റിപ്പോർട്ട് വയനാട്ടിൽ ഇനി വേണ്ടത് ജാഗ്രത



  കൽപ്പറ്റ  ഹ്യൂം സെന്റർ ഫോർ ഇക്കോളജിയും ശാസ്ത്രസാഹിത്യ പരിഷത്തും ചേർന്ന് വിദഗ്ദ്ധരുടെ സഹായത്തോടെ  നടത്തിയ പ്രളയ ഉരുൾ പൊട്ടൽ  പഠന റിപ്പോർട്ട്  "വയനാട്ടിൽ ഇനി വേണ്ടത് ജാഗ്രത" എന്ന പേരിൽ പുസ്തക രൂപത്തിൽ പുറത്തിറക്കി .  2018 ലെയും  2019 ലെയും പ്രളയവും ഉരുൾപൊട്ടലും ഉണ്ടാക്കിയ ആഘാതം പഠന വിധേയമാക്കി ഇത്തരം ദുരന്തങ്ങൾ ആവർത്തിയ്ക്കാതിരിക്കാൻ എന്തൊക്കെ  മുൻ കരുതലുകൾ എടുക്കണം എന്ന നിർദേശങ്ങൾ ഉൾപ്പെട്ട പഠന റിപ്പോർട്ടാണ്‌ പുസ്തക രൂപത്തിൽ പുറത്തിറക്കിയിരിക്കുന്നത്. മുൻ  വർഷങ്ങളിലെ മഴയുടെയും ഉരുൾപൊട്ടലുകളുടെയും  വിവരങ്ങളും, ഭൂപ്രകൃതിയുടെ ചരിവും, മണ്ണിന്റെ  ഘടനയും നീർച്ചാലുകളുടെ വിന്യാസവും കണക്കിലെടുത്തു ഉപഗ്രഹ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തികൊണ്ട്,  ഒരു പരിധിയിൽ  കൂടുതൽ  മഴ ലഭിച്ചാൽ  ഉരുൾ  പൊട്ടാൻ  സാധ്യതയുള്ള പ്രദേശങ്ങളെ മുൻ കൂട്ടി കണ്ടെത്താൻ  നമുക്ക് കഴിയും.  വയനാട്ടിലെ ഓരോ പഞ്ചായത്തിലേയും ഇത്തരം സ്ഥലങ്ങൾ മാപ്പ് ചെയ്തു റിപോർട്ടിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് .  പഠനത്തിന്റെ ഭാഗമായി വയനാടിന്റെ  വിവിധ ഭാഗങ്ങളിൽ  കഴിഞ്ഞ 20 വർഷത്തിലുണ്ടായ മഴയുടെ അളവുകൾ വിശകലനം    ചെയ്‌തു.    2017 ൽ  37 % മഴ കുറവാണു വയനാട്ടിൽ  രേഖപ്പെടുത്തിയത്. എന്നാൽ  2018 ൽ  കേരളത്തിൽ  എല്ലായിടത്തും പെയ്ത പോലെ വയനാട്ടിലും സാധാരണയിൽ  കൂടിയ മഴ ലഭിക്കുകയുണ്ടായി. 2018 ൽ  വയനാട്ടിലെ വിവിധ പ്രദേശങ്ങളിൽ  10  മുതൽ  80  ശതമാനം വരെ കൂടുതൽ  മഴ രേഖപ്പെടുത്തിയിട്ടുണ്ട്.  ഭാവിയിൽ ദുരന്തങ്ങൾ ഒഴിവാക്കുന്നതിന് എടുക്കാവുന്ന മുൻകരുതലുകൾ പുസ്തകത്തിൽ പ്രതിപാതിക്കുന്നുണ്ട്. പുസ്തകം ലൈബ്രറി കൗൺസിൽ പുസ്തക മേളയിലെ പരിഷത് സ്റ്റാളിലും മീനങ്ങാടിയിലെ  പരിഷദ് ഭവനിലും ലഭ്യമാണ് . Read on deshabhimani.com

Related News