പോത്തുകുട്ടി, കാടുവെട്ട്‌ യന്ത്ര വിതരണത്തിൽ വൻ അഴിമതി



  പടിഞ്ഞാറത്തറ കഴിഞ്ഞ വർഷം  കാട് വെട്ട് യന്ത്രം വിതരണം ചെയ്ത് അഴിമതി നടത്തിയതിന് വിജിലൻസ് അന്വേഷണം നേരിടുന്ന പടിഞ്ഞാറത്തറ പഞ്ചായത്ത് ഭരണ സമിതി വീണ്ടും ഇതേ പദ്ധതിയിൽ അഴിമതിക്ക്‌ കളമൊരുക്കുന്നു.  2019–-20 വർഷത്തിൽ  124 കുടുംബശ്രി അംഗങ്ങളായ വനിതകൾക്ക് കാട് വെട്ട് യന്ത്രം നൽകുന്നതിന് പദ്ധതിയിൽ ഫണ്ട് വച്ചിരുന്നു.   64 എണ്ണത്തിന് ഇ ടെൻഡർ നടത്തുകയും ചെയ്തു. ഏറ്റവും കുറഞ്ഞ ക്വാട്ടേഷൻ രേഖപ്പെടുത്തിയത്‌  14645 രൂപയ്‌ക്ക്‌ റെയ്ഡ്‌ക്കോയായിരുന്നു. 20900 രൂപ രേഖപ്പെടുത്തിയ  യെസ്‌ജെ  20900 രൂപയാണ്‌ രേഖപ്പെടുത്തിയത്‌. ഇരു ന്കമ്പനികളുടെയും യന്ത്രങ്ങൾ അഗ്രികൾച്ചർ എഞ്ചിനിയറിങ്ങ് വിങ്ങും ഓഫീസർമാരും പരിശോധിച്ചു.  ഗുണനിലവാരമുള്ളതും വില കുറവുള്ളതുമായ റെയ്ഡ്ക്കോയുടെ യന്ത്രങ്ങൾ വാങ്ങുന്നതിന് പഞ്ചായത്ത് ഭരണ സമിതി അംഗീകരത്തിനായി സമർപ്പിക്കുകയും ചെയ്തു.  എന്നാൽ  ഭരണ സമിതി  പോളിടെക്നിക്കിലെ അധ്യാപകനെ കൊണ്ടുവന്ന് 20900 രേഖപ്പെടുത്തിയ യെസ്‌ജെക്ക് വെരിഗുഡും റെയ്‌ഡോയ്‌ക്ക്‌ ഗുഡ്‌ സർട്ടിഫിക്കറ്റും കൊടുപ്പിക്കുകയായിരുന്നു. പ്രതിപക്ഷ മെമ്പർമാരുടെ വിയോജിപ്പ്‌ മറികടന്ന്‌ യെസ്‌ജെയ്‌ക്ക്‌ അനുമതി കൊടുക്കണമെന്ന്‌  കൃഷി ഓഫിസറൊട് ആവശ്യപ്പെടുകയായിരുന്നു. ഭരണസമിതിയുടെ നിയമവിരുദ്ധമായ തിരുമാനം നടപ്പാക്കാൻ കൃഷി ഓഫിസർ തയ്യാറായില്ല. തുടർന്ന്‌  കൃഷി ഓഫീസറെയും ഓഫീസ് ജീവനക്കാരെയും  ഭീഷണിപ്പെടുത്തുകയും ബിൽ ബുക്ക് ഉൾപ്പെടെ എടുത്തു കൊണ്ടുപോകുകയും ചെയ്തു. നിയമവിരുദ്ധമായും ചട്ടവിരുദ്ധമായും ഇ ടെൻഡർ വ്യവസ്ഥ പാലിക്കാത്തതിനാലും  അഴിമതി നടത്താൻ ഭരണസമിതി നേതൃത്വം നിർബന്ധിക്കുന്നതായും ബിൽ ബുക്ക് കൊണ്ടുപോയതും കാണിച്ച് കൃഷി ഓഫിസർ ബന്ധപ്പെട്ടവർക്ക്‌ പരാതി നൽകി.  റെയ്ഡ്‌ക്കോ നിശ്‌ചയിച്ച പ്രകാരമാണെങ്കിൽ 1465 രൂപ മാത്രമെ ഗുണഭോക്ത വിഹിതം വാങ്ങാൻ പാടുള്ളു എന്നാൽ 2500 രൂപയാണ്‌ ഗുണഭോക്ത വിഹിതം വാങ്ങിയത്‌. ഗുണനിലവാരമില്ലാത്ത യന്ത്രങ്ങൾ നൽകി ലക്ഷങ്ങൾ തട്ടാനാണ്‌ ശ്രമം.   പ്രളയത്തിൽ ജീവനോപാധികൾ നഷ്ടപ്പെട്ടവർക്ക് പോത്തുകുട്ടികളെ വിതരണം ചെയ്യുന്നതിലും വൻ ക്രമക്കേടാണ്‌ നടക്കുന്നത്‌. നിയമവിരുദ്ധമായി നടപ്പാക്കാൻ വെറ്ററിനറി ഡോക്ടറെ ഭീഷണിപ്പെടുത്തുകയാണ്‌. സംഭവത്തിൽ സമഗ്ര അന്വോഷണം നടത്തണമെന്ന്‌ എൽഡിഎഫ്‌ പഞ്ചായത്ത്‌ കമ്മിറ്റി ആവശ്യപ്പെട്ടു. തങ്കച്ചൻ പൊട്ടൻപുഴ അധ്യക്ഷനായി. കൺവീനർ രവീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രദീപൻ, രാജീവൻ, പി ജെ  സജേഷ്, റഷീദ്,   ജോസഫ്, രാഘവൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News