ചീങ്ങേരിയിൽ മൗണ്ടനിയറിങ് 
ഇൻസ്‌റ്റിറ്റ്യൂട്ട്‌ സ്ഥാപിക്കാൻ പദ്ധതി

ചീങ്ങേരി മല


 കൽപ്പറ്റ സാഹസിക സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമായ ചീങ്ങേരിയിൽ മൗണ്ടനിയറിങ് ഇൻസ്‌റ്റിറ്റ്യൂട്ട്‌ സ്ഥാപിക്കാൻ പദ്ധതി. വയനാട്‌ പാക്കേജിൽ  51 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയതായി ഡിടിപിസി മാനേജർ സി എം രതീഷ്‌ പറഞ്ഞു.   ചീങ്ങേരി ടൂറിസം പദ്ധതിക്ക്‌ എട്ടേക്കർ ഭൂമിയാണ്‌  റവന്യു വകുപ്പ്‌ ഡിടിപിസിക്ക്‌ കൈമാറിയത്‌. ഇൻസ്‌റ്റിറ്റ്യൂട്ട്‌ സ്ഥാപിക്കാൻ കൂടുതൽ ഭൂമി ആവശ്യമുള്ളതിനാൽ കൂടുതൽ റവന്യൂ ഭൂമി വിട്ട്‌ നൽകാൻ തീരുമാനിച്ചു. ഇത്‌ സംബന്ധിച്ച സർവേയും ഉടൻ നടക്കും. ജില്ലയിലെത്തുന്ന വിനോദസഞ്ചാരികളെ സീസൺ ഭേദമന്യേ പ്രവേശിപ്പിക്കാൻ സൗകര്യമുള്ള ടൂറിസം പദ്ധതിയാണ‌് അമ്പലവയലിനടുത്തുള്ള  ചീങ്ങേരി റോക്ക്‌  അഡ്വഞ്ചർ.  സഞ്ചാരികളുടെ ശാരീരിക ക്ഷമത ആധാരമാക്കി വിവിധ തലങ്ങളിൽ ക്രമീകരിച്ചിരിക്കുന്ന ഗൈഡ്‌  ട്രക്കിങ്ങാണ്‌ ഇവിടുത്തെ പ്രധാന ആകർഷണം. സമുദ്ര നിരപ്പിൽനിന്നും 1600 മീറ്റർ ഉയരത്തിലുള്ള വിശാലമായി ക്കിടക്കുന്ന പാറയുടെ മുകളിൽനിന്നും സമീപ പ്രദേശങ്ങളിലെ പ്രകൃതി ദൃശ്യങ്ങൾ ഒപ്പിയെടുക്കാനാകും. ചെമ്പ്രമല, കാരാപ്പുഴ, എടക്കൽഗുഹ, കാന്തൻപാറ വെള്ളച്ചാട്ടം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വിദൂര ദൃശ്യങ്ങളും പുലർകാലത്ത്‌ മഞ്ഞുപാളികളും പാറയുടെ മുകളിൽനിന്നും ആസ്വദിക്കാനാവും.  അമ്പലവയൽ ടൗണിൽനിന്നും രണ്ട്‌  കിലോമീറ്റർ മാറി കാരാപ്പുഴ റോഡിലുള്ള പദ്ധതിയുടെ കേന്ദ്രത്തിൽനിന്നും തുടങ്ങുന്ന പാറയുടെ എട്ടേക്കറിലാണ്‌  സഞ്ചാരികൾക്കുള്ള പ്രവേശനം. 10 പേർ അടങ്ങുന്ന ഗ്രൂപ്പുകൾക്കാണ്‌  ഇവിടെ ഗൈഡിന്റെ സഹായത്തോടെ ട്രക്കിങ്ങിന്‌ അവസരം. ഒന്നാം ഘട്ടത്തിൽ 1.4 കോടിയാണ്‌ ചെലവഴിച്ചത്‌.  Read on deshabhimani.com

Related News