തോട്ടം തൊഴിലാളികളുടെ 
പ്രതീക്ഷകൾ തളിരിടുന്നു



  കൽപ്പറ്റ തോട്ടം തൊഴിലാളികൾക്കുള്ള ഭവനനിർമാണ പദ്ധതിക്ക്‌ വേഗം കൈവന്നതോടെ ജില്ലയിലെ നൂറുകണക്കിന്‌ തോട്ടം തൊഴിലാളി കുടുംബങ്ങൾ പ്രതീക്ഷയിൽ. വർഷങ്ങളായി ലായങ്ങളിൽ താമസിച്ചുവരുന്ന തൊഴിലാളികളാണ്‌ സർക്കാരിന്റെ കരുതലിന്റെ ഭാഗമാവുന്നത്‌. ജില്ലയിൽ  1932 പേരാണ്‌ ഗുണഭോക്‌തൃ പട്ടികയിലുള്ളത്‌. കഴിഞ്ഞദിവസം  റവന്യൂ,  തദ്ദേശവകുപ്പ്‌ ഉന്നതതല യോഗം ചേർന്ന്‌ ഭൂരഹിത ഭവനരഹിതർക്ക്‌ തോട്ടം വകയല്ലാത്ത ഭൂമി കണ്ടെത്തി അതിവേഗം വീടൊരുക്കാൻ തീരുമാനമെടുത്തിരുന്നു.     ജില്ലയിൽ നിലവിൽ ഒമ്പത്‌ പഞ്ചായത്തുകളിലെ തോട്ടം തൊഴിലാളികളാണ്‌ ഗുണഭോക്‌തൃ ലിസ്‌റ്റിലുള്ളത്‌. മേപ്പാടി, മൂപ്പെെനാട്‌, പൊഴുതന, വെെത്തിരി പഞ്ചായത്തിലാണ്‌ കൂടുതൽ പേർ. ഗുണഭോക്‌താക്കളുടെ  പട്ടിക തദ്ദേശസ്ഥാപനങ്ങൾ  റവന്യൂ വകുപ്പിന്‌ ഉടൻ കൈമാറും.  തുടർന്ന്‌  ഭൂമി കണ്ടെത്തി  തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ വീടുകൾ നിർമിക്കാനാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്‌.     പദ്ധതി നടപ്പാവുന്നതോടെ  ലായങ്ങളിൽ കഴിയുന്ന തൊഴിലാളികളുടെ ദുരിത ജീവിതത്തിന്‌ അറുതിയാകും. പ്ലാന്റേഷൻ ലേബർ ആക്ട്‌ പ്രകാരം തൊഴിലാളികൾക്ക്‌ താമസസൗകര്യം ഒരുക്കേണ്ടത്‌ മാനേജുമെന്റുകളാണ്‌.   തോട്ടം മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്താണ്‌  സർക്കാർ വീടൊരുക്കുന്നത്‌.  കൂലി വർധിപ്പിച്ചും, കോവിഡ്‌ കാലത്ത്‌ പെൻഷൻ വിതരണവും  കിറ്റ്‌ വിതരണവും  നടപ്പാക്കി തൊഴിലാളികളെ കരുതലോടെ കാത്ത സർക്കാർ വീട്‌ എന്ന സ്വപ്‌നവും യാഥാർഥ്യമാക്കിത്തരുമെന്ന സന്തോഷത്തിലാണ്‌ തൊഴിലാളികൾ.    Read on deshabhimani.com

Related News