ചരിത്രത്തിലേക്ക്‌ ചുരമിറങ്ങി വയനാട് യുണൈറ്റഡ് എഫ്സി



  കൽപ്പറ്റ ഫുട്ബോൾ  ഭൂപടത്തിൽ സ്വന്തം ഇടം കണ്ടെത്തുന്നതിനായുള്ള തീപാറും പോരാട്ടങ്ങൾക്ക് വയനാട് യുണൈറ്റഡ് എഫ്സി ചുരമിറങ്ങി. കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ഫുട്ബോൾ മാമാങ്കമായ കേരള പ്രീമിയർ ലീഗിൽ കോർപറേറ്റ് എൻട്രി നേടി പുതുചരിത്രം രചിക്കാനാണ് വയനാട് യുണൈറ്റഡ് എഫ്സി കന്നി മൽസരത്തിന് ഇറങ്ങുന്നത്. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ 21ന് സ്പോർട്സ് അക്കാദമി തിരൂരുമായാണ് ആദ്യ പോരാട്ടം. പിണങ്ങോട് ചോലപ്പുറത്തുള്ള ഹോം ഗ്രൗണ്ടിൽ ഇന്ത്യയിലെ തന്നെ വിദഗ്‌ധ കോച്ചുമാരുടെ പരിശീലനത്തിലാണ് വയനാട് യുണൈറ്റഡ് എഫ്സി ലീഗിലേക്കൊരുങ്ങിയത്. വിജയിക്കുക എന്ന ലക്ഷ്യത്തിനപ്പുറം കാൽപന്തുകളിയിൽ വയനാടൻ സാന്നിധ്യം ഉറപ്പിക്കുക എന്ന ലക്ഷ്യവും ടീമിനുണ്ട്.  പിണങ്ങോട് കേന്ദ്രീകരിച്ച് മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു ഷറഫലിയുടെ ഔദ്യോഗിക പ്രഖ്യാപനത്തോടെ രണ്ടുവർഷം മുമ്പ് പിറവിയെടുത്ത  ടൗൺ ടീം പിന്നീട് ഔദ്യോഗിക ഫുട്ബോളിന്റെ ഭാഗമായി മാറി. ജില്ലാ ലീഗ് ബി ഡിവിഷനിൽ യുണൈറ്റഡ് എഫ്സി എന്ന ടീമിനെ സ്വന്തമാക്കുകയും ചെയ്തു.  ആദ്യമായാണ് സംസ്ഥാനത്തെ ഗ്ലാമർ ടൂർണമെന്റുകളിൽ ഒന്നായ കേരള പ്രീമിയർ ലീഗിൽ വയനാട്ടിൽനിന്നും ഒരു ടീം പ്രവേശനം നേടുന്നത്.  ടീമിന്റെ ലോഗോ പ്രകാശനം ടി സിദ്ദിഖ് എംഎൽഎയും  ജേഴ്സി പ്രകാശനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌  സംഷാദ് മരക്കാറും നിർവഹിച്ചു. വയനാട് യുണൈറ്റഡ് എഫ്സി ചെയർമാൻ ഷമീം ബക്കർ, മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സുശാന്ത് മാത്യു, കെഎഫ്എ സംസ്ഥാന എക്സിക്യൂട്ടീവ്  മെമ്പർ സാജിദ് പാറക്കണ്ടി, ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവംഗം  ടി സി സാജിദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.   ആദ്യകാല ഫുട്ബോൾ താരങ്ങളെയും ചടങ്ങിൽ ആദരിച്ചു. പിണങ്ങോടിന്റെ ഫുട്ബാൾ ചരിത്രം  രേഖപ്പെടുത്തിയ അനീസ് കെ മാപ്പിള സംവിധാനം  ചെയ്ത ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. Read on deshabhimani.com

Related News