‘കൃഷിയുടെ തഹസിൽദാർ’



കൽപ്പറ്റ സർക്കാർ സർവീസിൽ ഫയലുകൾക്കിടയിൽ ജീവിതം തിരിയുമ്പോഴും കൃഷ്‌ണപ്പന്റെ മനസ്സ്‌ നിറയെ മണ്ണും കൃഷിയുമായിരുന്നു. അവധി ദിനങ്ങളിൽ പാടത്തും പറമ്പിലും ചെലവഴിച്ചു. ഡെപ്യൂട്ടി തഹസിൽദാരായി 30 വർഷത്തെ സർവീസിന്‌ ശേഷം വിരമിച്ച തേറ്റമല നാപ്പാട്ടുകുന്നിൽ ബി കൃഷ്‌ണപ്പനിപ്പോൾ മുഴുവൻ സമയ കർഷകനും കർഷക നേതാവുമാണ്‌. ഒരേക്കർ നിറയെ കാപ്പിയും കുരുമുളകും ഫലവൃക്ഷങ്ങളുമാണ്‌.  വയലിൽ നഞ്ചയും പുഞ്ചയും കൃഷി ചെയ്യുന്നു. ചിങ്ങം ഒന്നിന്‌ തൊണ്ടർനാട് പഞ്ചായത്ത്‌  ഈ കർഷകനെ ആദരിക്കും.    2017ൽ മാനന്തവാടി ആർഡിഒ ഓഫീസിൽ നിന്നാണ്‌ ഡെപ്യൂട്ടി തഹസിൽദാരായി വിരമിച്ചത്‌. പിന്നീട്‌ മുഴുവൻ സമയ കർഷകനും കേരള കർഷകസംഘം പ്രവർത്തകനുമായി. കർഷകസംഘം പനമരം ഏരിയാ കമ്മിറ്റി അംഗവും കാഞ്ഞിരങ്ങാട്‌ വില്ലേജ്‌ സെക്രട്ടറിയുമാണ്‌. കൃഷി കഴിഞ്ഞാൽ ബാക്കി സമയം സംഘടനാപ്രവർത്തനത്തിനാണ്‌. ഇപ്പോൾ പഞ്ചായത്തിലെ മികച്ച കർഷകനുമായി. വാഴയും പച്ചക്കറിയുമുണ്ട്‌. ചേന, ചേമ്പ്‌, കാച്ചിൽ, മഞ്ഞൾ തുടങ്ങിയ ഇടവിളകളുമുണ്ട്‌. കഴിഞ്ഞ തവണ പയർ വലിയതോതിൽ കൃഷിചെയ്‌തു. നെല്ലിൽ ഹൃസ്വവിളയായ ഐഐടിയും സുഗന്ധ ഇനമായ ഗന്ധകശാലയുമാണ്‌ കൃഷി. നഞ്ചക്കായി വയൽ ഒരുക്കുകയാണ്‌. സ്വന്തമായി ട്രില്ലറുൾപ്പെടെയുണ്ട്‌. ഇത്തവണ പുഞ്ച ഒഴിവാക്കി  കൂടുതൽ പച്ചക്കറി ചെയ്യാനാണ്‌ തീരുമാനം. സർക്കാർ സർവീസിലുള്ളതിനേക്കാൾ സംതൃപ്‌തിയും സന്തോഷവുമാണ്‌ കൃഷി ജീവിതമമെന്ന്‌ കൃഷ്‌ണപ്പൻ പറയുന്നു. ഭാര്യ ചന്ദ്രികയും മക്കളായ മിഥുൻകുമാർ ഭാട്യയും മാളവിക കൃഷ്‌ണയും സഹായത്തിനുണ്ട്‌. Read on deshabhimani.com

Related News