ഷൈബിൻ അഷറഫുമായി ബന്ധമുള്ളത്‌ 
യുഡിഎഫിനും ബിജെപിക്കും: സിപിഐ എം



  ബത്തേരി നിലമ്പൂർ മുക്കട്ടയിൽ കർണാടക മൈസൂരു സ്വദേശിയായ പാരമ്പര്യ വൈദ്യൻ ഷാബാസ്‌ ഷെരീഫിനെ ഒന്നരവർഷം തടങ്കലിൽ പാർപ്പിച്ചശേഷം കൊലപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായ പ്രതി ഷൈബിൻ അഷറഫുമായി സിപിഐ എമ്മിന്‌ ഒരു ബന്ധവുമില്ലെന്ന്‌ സിപിഐ എം നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിവാദ വ്യവസായിയായ ഷൈബിനുമായി അടുത്ത ബന്ധമുള്ളത്‌ യുഡിഎഫിനും ബിജെപിക്കുമാണ്‌. ഷൈബിനെ മുസ്ലിംലീഗ്‌ വേദിയിൽ അവരുടെ നേതാക്കൾക്കൊപ്പം മുൻ ഡിസിസി പ്രസിഡന്റ്‌ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ ഉപഹാരം നൽകി ആദരിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതിന്റെ ജാള്യം തീർക്കുന്നതിനാണ്‌ സിപിഐ എമ്മിനെതിരെ യാഥാർഥ്യത്തിന്‌ നിരക്കാത്ത നുണകൾ കോൺഗ്രസും ലീഗും ബിജെപിയും പ്രചരിപ്പിക്കുന്നത്‌. വിദേശത്ത്‌ ഷൈബിനെ ലീഗ്‌ നേതാവും മുൻമന്ത്രിയുമായ എം കെ മുനീർ എംഎൽഎ ആദരിക്കുന്ന ചിത്രവും മാധ്യമങ്ങളിൽ വന്നു. കൊലക്കേസിൽ അറസ്‌റ്റിലായ ഷൈബിന്റെ കൂട്ടാളികളുമായും സിപിഐ എമ്മിന്‌ ബന്ധമില്ല. അറസ്‌റ്റിലായ നാലുപേരും ലീഗിന്റെയും എസ്‌ടിയുവിന്റെയും പ്രവർത്തകരാണ്‌. കൈപ്പഞ്ചേരിയിൽ സ്‌ഫോടക വസ്‌തുക്കൾ പിടികൂടിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന്‌ ആദ്യം ആവശ്യപ്പെട്ടത്‌ സിപിഐ എമ്മാണ്‌. ലീഗ്‌ നേതാക്കളും മുഖ്യപ്രതി ഷൈബിനും തമ്മിലുള്ള ബിസിനസ് ബന്ധങ്ങളും പുറത്തായിട്ടുണ്ട്‌. ഇത്തരം സാഹചര്യത്തിൽ കൊലക്കേസ്‌ പ്രതികളുമായുള്ള ലീഗ്‌ നേതൃത്വത്തിന്റെ ബന്ധവും സാമ്പത്തിക ഇടപാടുകളും അന്വേഷണവിധേയമാക്കണം. യുഡിഎഫ്‌ നേതാക്കളും ഷൈബിനും തമ്മിലുള്ള ബന്ധത്തിൽ മൗനം പാലിക്കുന്ന ബിജെപി നേതൃത്വം സിപിഐ എമ്മിനെ പഴിചാരുന്നത്‌ പരിഹാസ്യമാണ്‌. ജില്ലാ കമ്മിറ്റി അംഗം സുരേഷ്‌ താളൂർ, ഏരിയാ കമ്മിറ്റി അംഗങ്ങളായ ബേബി വർഗീസ്‌, പി കെ രാമചന്ദ്രൻ, സി ശിവശങ്കരൻ, കെ സി യോഹന്നാൻ, ടി കെ ശ്രീജൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News