മാവോയിസ്‌റ്റുകൾക്കായി തിരച്ചിൽ ശക്തമാക്കി



  കൽപ്പറ്റ  മാനന്തവാടി മേഖലയിൽ  മാവോയിസ്‌റ്റുകൾക്കായി  തിരച്ചിൽ ഊർജിതമാക്കി. കഴിഞ്ഞ ദിവസം പേര്യയിൽ  മാവോയിസ്‌റ്റുകളെ കണ്ടെത്തിയതിനെ തുടർന്നാണ്‌  തിരച്ചിൽ. ശനിയാഴ്‌ച  വൈകിട്ടാണ്‌ ഏതാനും   മാവോയിസ്‌റ്റ്‌ പ്രവർത്തകരെ പേര്യ ചന്ദനത്തോടിനടുത്ത്‌ കണ്ടെത്തിയത്‌.   പൊലീസിനെ കണ്ടയുടൻ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന്‌ കീഴടങ്ങാനായി പൊലീസ്‌ മൈക്ക്‌ അനൗൺസ്‌മെന്റും നടത്തിയിരുന്നു.      കബനീ, ബാണാസുര ദളങ്ങളിലുള്ള പ്രവർത്തകരാണ്‌ പേര്യയിൽ എത്തിയതെന്ന്‌ പൊലീസിന്‌ സൂചന ലഭിച്ചിരുന്നു. പേര്യ, തലപ്പുഴ ഭാഗങ്ങളിലാണ്‌ തീവ്രവാദവിരുദ്ധ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്‌.   ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു  തിരച്ചിൽ. കണ്ണവം വനത്തിലേക്ക്‌ രക്ഷപ്പെട്ടുവെന്ന നിഗമനത്തിലാണ്‌ പൊലീസുള്ളത്‌.   ബി ജി കൃഷ്‌ണമൂർത്തിയും  സാവിത്രിയും പിടിയിലായ ശേഷം ജില്ലയിൽ  മാവോയിസ്‌റ്റ്‌ പ്രവർത്തനം നിർജീവമായിരുന്നു.  നവംബർ 10നാണ്‌ ഇരുവരും പൊലീസ്‌ പിടിയിലായത്‌. സർക്കാർ പുനരധിവാസ പദ്ധതിയുമായി സഹകരിക്കാൻ ഇരുവരും തയ്യാറായിട്ടുമുണ്ട്‌. ഇതിനായി ജില്ലാ സെഷൻസ്‌ ജഡ്‌ജിക്ക്‌  കത്തുനൽകിയിരിക്കയാണ്‌.  ഇവരിൽനിന്ന്‌  ജില്ലയിലെ പ്രവർത്തനങ്ങളെക്കുറിച്ച്‌ പൊലീസിന്‌ നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ്‌ സൂചന.  സാവിത്രി കബനീ ദളത്തിന്റെ കമാൻഡറായിരുന്നു.   കൃഷ്‌ണമൂർത്തിക്ക്‌ ശേഷം മറ്റൊരു കേന്ദ്രകമ്മിറ്റിയംഗമായ സഞ്ജയ്‌ ദീപക്‌ റാവുവാണ്‌ ജില്ലയിലെ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം കൊടുക്കുന്നതെന്ന്‌ സൂചനയുണ്ട്‌.  വിക്രം ഗൗഡ, ജയണ്ണ, സി പി മൊയ്തീൻ, സുന്ദരി, ജിഷ, കവിത, ഉണ്ണിമായ എന്നിവരുടെ നേതൃത്വത്തിൽ മുപ്പതോളം പ്രവർത്തകർ മൂന്ന്‌ ദളങ്ങളിലായുണ്ടെന്നാണ്‌  പൊലീസ്‌ കരുതുന്നത്‌.  ജയണ്ണ, സുന്ദരി എന്നിവർക്ക്‌ എൻഐഎ 10 ലക്ഷം ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്‌.    മാവോയിസ്‌റ്റുകളുടെ അറസ്‌റ്റും കീഴടങ്ങലും പ്രവർത്തനത്തെ കാര്യമായി ബാധിച്ചതിനെ തുടർന്ന്‌ ഉത്തരേന്ത്യയിൽനിന്നും ജില്ലയിലേക്ക്‌ പ്രവർത്തകരെ എത്തിക്കാനുള്ള നീക്കമുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം കരുതുന്നുണ്ട്‌.  ഇതെല്ലാം മുന്നിൽ കണ്ടാണ്‌ തിരച്ചിൽ ശക്തമാക്കിയത്‌. Read on deshabhimani.com

Related News