അങ്കണവാടി ഹെൽപ്പർ നിയമനം ജോലി കിട്ടിയതിൽ ഇന്റർവ്യു ബോർഡ്‌ അംഗങ്ങളുടെ മക്കളും‌



  പടിഞ്ഞാറത്തറ പടിഞ്ഞാറത്തറ പഞ്ചായത്തിൽ അങ്കണവാടി  ഹെൽപ്പർ നിയമനത്തിലെ    അഴിമതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്‌. ഇന്റർവ്യു ബോർഡ്‌ അംഗങ്ങളുടെ  മക്കൾക്ക്‌ തന്നെ നിയമനം നൽകിയതായി തെളിഞ്ഞതോടെ ഭരണത്തിന്റെ മറവിൽ യുഡിഎഫ്‌ നടത്തിയ പകൽക്കൊളളയാണ്‌ തെളിയുന്നത്‌.  കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌,  ലീഗ്‌ നേതാവായ ഇപ്പോഴത്തെ ജില്ല പഞ്ചായത്ത്‌ അംഗം എന്നിവരുൾപ്പെടെയുള്ള പാനലാണ്‌ ‌ ഇന്റർവ്യു ബോർഡിലുണ്ടായിരുന്നത്‌‌. ഇവർ ഇന്റർവ്യു നടത്തി  തയ്യാറാക്കിയ റാങ്ക്‌ ലിസ്‌റ്റിൽ  സ്വന്തം മക്കളെ ഉൾപ്പെടുത്തി. രണ്ടാം റാങ്ക്‌ നൽകി നിയമിച്ചത്‌ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റിന്റെ മകളെ‌. ആറാം റാങ്ക്‌ മുസ്ലിംലീഗ്‌ നേതാവായ ജില്ല പഞ്ചായത്ത്‌ അംഗത്തിന്റെ മകൾക്കും. നിയമനത്തിലെ അഴിമതിക്കെതിരെ മറ്റ്‌ ഉദ്യോഗാർഥികൾ രംഗത്ത്‌ വന്നതോടെയാണ്‌ സംഭവം വിവാദമായത്‌. ഏറ്റവും ഒടുവിൽ മുൻ പഞ്ചായത്ത്‌ പ്രിസഡന്റ്‌ എം പി നൗഷാദ്‌ തന്നെ  വാട്‌സ്‌ ആപ്പ്‌  പോസ്‌റ്റ്‌ വഴി അഴിമതി വെളിപ്പെടുത്തി. സാധാരണക്കാരായ സ്വന്തം പാർടിപ്രവർത്തകരോട്‌ പോലും ലീഗ്‌ നേതാക്കൾ വൻ തുക കൈക്കൂലി വാങ്ങിയെന്ന്‌ ആരോപിച്ച മുൻ പ്രസിഡന്റ്‌ സിപിഐ എം നിയമനത്തിൽ പുലർത്തുന്ന   സുതാര്യതയെ പുകഴ്‌ത്താനും മറന്നില്ല. അഴിമതിയുടെ കാര്യത്തിൽ സംസ്ഥാന നേതാക്കളായ കെ എം ഷാജി, കമറുദ്ദീൻ, ഇബാഹിം കുഞ്ഞ്‌  എന്നിവരുടെ  ഉത്തമ അനുയായികൾ തന്നെയാണ്‌ തങ്ങളെന്ന്‌ പടിഞ്ഞാറത്തറയിലെ യുഡിഎഫ്‌ നേതാക്കളും  തെളിയിക്കുകയാണ്‌. തൊട്ടടുത്ത വെള്ളമുണ്ട പഞ്ചായത്തിലെ സർവീസ്‌ സഹകരണ ബാങ്ക്‌ സെക്രട്ടരി ടി മൊയ്‌തു   അടിച്ചെടുത്തത്‌ 12 കോടി രൂപയാണ്‌. ഓഡിറ്റിലാണ്‌ ഈ വെട്ടിപ്പ്‌ തെളിഞ്ഞത്‌. മുസ്ലിംലീഗ്‌ നേതാവും മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗവുമായ ഇദ്ദേഹം‌  യുഡിഎഫ്‌ ഭരണസമിതി സഹായത്തോടെയാണ്‌ അഴിമതി നടത്തിയത്‌.  കർഷകരുടെ കടാശ്വാസവും വിവിധ പദ്ധതികളിൽ സംസ്ഥാനസർക്കാർ കർഷകർക്ക്‌ വിതരണം ചെയ്യാൻ നൽകിയ തുകയും പാവപ്പെട്ടവരുടെ  ക്ഷേമ പെൻഷൻ   പോലും സെക്രട്ടറി സ്വന്തം അക്കൗണ്ടിലേക്ക്‌ മാറ്റി തട്ടിയെടുത്തതായി ഓഡിറ്റ്‌ രേഖകൾ വ്യക്തമാക്കുന്നു. Read on deshabhimani.com

Related News