‘അപമാനിച്ച്‌ പുറത്താക്കാനാവില്ല ’



മാനന്തവാടി നഗരസഭയിൽ ഭരണപ്രതിസന്ധി അതിരൂക്ഷമാക്കി കോൺഗ്രസ്‌ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ ചെയർപേഴ്‌സൺ. അപമാനിച്ച്‌ പുറത്താക്കാൻ ആവില്ലെന്ന്‌ ചെയർപേഴ്‌സൺ സി കെ രത്നവല്ലി തുറന്നടിച്ചു. കഴിവുകേട്‌ ആരോപിച്ച്‌ രാജിവയ്‌പിച്ച്‌ പുതിയാളെ തെരഞ്ഞെടുക്കാനുള്ള കോൺഗ്രസ്‌ നേതൃത്വത്തിന്റെ നീക്കത്തിനെതിരെ ഇവർ പരസ്യമായി രംഗത്തെത്തി. തെറ്റായ തീരുമാനമെടുത്ത്‌ പാർടിയെ നശിപ്പിക്കാൻ നേതാക്കൾ ശ്രമിക്കരുതെന്നും രത്നവല്ലി പറഞ്ഞു.  ശനിയാഴ്‌ച കെപിസിസി സെക്രട്ടറിമാരുടെയും ഡിസിസി പ്രസിഡന്റിന്റെയും സാന്നിധ്യത്തിൽ കോൺഗ്രസ്‌ കൗൺസിലർമാരുടെ യോഗം ചേർന്ന്‌ രാജിവയ്‌ക്കാൻ രത്നവല്ലിക്ക്‌ അന്ത്യശാസനം നൽകിയതിന്റെ തൊട്ടുപിന്നാലെയാണ്‌ നേതൃത്വത്തിനെതിരെ പരസ്യപ്രതികരണം നടത്തിയത്‌. മുസ്ലിംലീഗ്‌ സ്ഥാനാർഥിക്കെതിരെ കോൺഗ്രസ്‌ വിമതയായി മത്സരിച്ച്‌ ജയിച്ച ലേഖാ രാജീവിനെ ചെയർപേഴ്‌സണാക്കാനാണ്‌  ഇവരുടെ രാജി നേതൃത്വം ആവശ്യപ്പെടുന്നത്‌. ഇതിനുപറഞ്ഞ കാരണമാകട്ടെ കഴിവില്ലായ്‌മയും. ‘വികസന പ്രവർത്തനങ്ങൾ നടത്തേണ്ടത്‌ അതത്‌ സ്‌റ്റാൻഡിങ് കമ്മിറ്റികളുടെ ഉത്തരവാദിത്തമാണ്‌. ഏകോപനവും മേൽനോട്ട ചുമതലയുമാണ്‌ ചെയർപേഴ്‌സണുള്ളത്‌. സ്‌റ്റാൻഡിങ് കമ്മിറ്റികൾ വീഴ്‌ച വരുത്തിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം ചെയർമാന്റെ തലയിൽ കെട്ടിവെക്കേണ്ടതില്ല. നാടിനും കോൺഗ്രസിനും ഏറെ സംഭാവന ചെയ്‌ത കുടുംബമാണ്‌ തന്റേത്‌. ഒരു രൂപപോലും തെറ്റായ രീതിയിൽ സമ്പാദിച്ചിട്ടില്ല. അഴിമതിയിൽ ആറാടുന്നവർക്കായി തന്നെ ബലിയാടാക്കാനുള്ള നീക്കം അനുവദിക്കില്ല. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചവർ ആരും ചെയർപേഴ്‌സൺ ആകാൻ കൊള്ളാവുന്നവരല്ല എന്ന പാർടി നിലപാട്‌ ജനങ്ങളുടെ പരിഹാസത്തിന്‌ ഇടയാക്കും. ആ നിലപാട്‌ അംഗീകരിച്ചാൽ സീറ്റ്‌ നിർണയിച്ചവർക്കെതിരെ നടപടി എടുക്കേണ്ടതല്ലെയെന്നും’–-രത്നവല്ലി ചോദിച്ചു.   ലേഖാ രാജീവിനെ ചെയർപേഴ്‌സണാക്കാനും ലീഗ്‌ പ്രതിനിധി രാജിവച്ച വൈസ്‌ ചെയർമാൻ സ്ഥാനം, ജേക്കബ്‌ സെബാസ്‌റ്റ്യനും പി വി ജോർജിനും ഇടവേളകളിൽ പങ്കിട്ട്‌ നൽകാനുമാണ്‌ ശനിയാഴ്‌ച ഡിസിസി ഓഫീസിൽ ചേർന്ന കൗൺസിലർമാരുടെ യോഗം തീരുമാനിച്ചത്‌. എന്നാൽ രാജിയില്ലെന്ന രത്നവല്ലിയുടെ പ്രഖ്യാപനം ഈ തീരുമാനങ്ങളെയാകെ ബാധിക്കും. രണ്ട്‌ കൗൺസിലർമാർ യോഗത്തിൽനിന്ന്‌ വിട്ടുനിന്നു. ഇവരുടെ നിലപാടും നിർണായകമാകും. കൗൺസിലർ സ്‌മിതാ തോമസും ചെയർപേഴ്‌സൺ സ്ഥാനത്തിനായി രംഗത്തുണ്ട്‌.     Read on deshabhimani.com

Related News