ട്രാക്കുണർന്നു; കോവിഡ് പിന്നിലായി



  മാനന്തവാടി കോവിഡിനെ ഓടി തോൽപ്പിച്ച് താരങ്ങൾ. മഹാമാരിയിൽ അടഞ്ഞു പോയ മൈതാനങ്ങളിലും ആരവങ്ങളുയരുകയാണ്. കോവിഡും കടന്ന് ജില്ലയിൽ ട്രാക്കുണർന്നു. ജൂനിയർ അത്‌ലറ്റിക് മീറ്റിന്റെ ജില്ലാതല സെലക്ഷൻ ട്രയൽസ് മാനന്തവാടി ജിവിഎച്ച്എസ്എസ് മൈതാനത്ത് നടന്നു. ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ  നേതൃത്വത്തിലായിരുന്നു സെലക്ഷൻ മീറ്റ്. യോഗ്യത നേടിയവർ 17 മുതൽ 19 വരെ കോഴിക്കോട് സർവകലാശാല ക്യാമ്പസിൽ നടക്കുന്ന സംസ്ഥാന സെലക്ഷൻ മീറ്റിൽ പങ്കെടുക്കും. അണ്ടർ 14, 16 , 18, 20 വിഭാഗങ്ങളിലായി നടന്ന ജില്ലാതല ട്രയൽസിൽ 65 കായിക താരങ്ങൾ പങ്കെടുത്തു. വിവിധ വിദ്യാലയങ്ങളിലേയും കോളേജുകളിലേയും കൽപ്പറ്റ സെൻട്രലൈസ്ഡ് സ്പോട്സ് സ്കൂളിലേയും താരങ്ങൾ പങ്കെടുത്തു. കോവിഡ് തുടങ്ങിയ ശേഷം ആദ്യമായാണ് ജില്ലയിൽ കായികരംഗം ഉണർന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ട്രയൽ. കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തിയ താരങ്ങളെ മാത്രമേ പങ്കെടുപ്പിച്ചുള്ളൂ. ഒഫീഷ്യൽസിനും കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നു. ട്രയൽ മീറ്റ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ജില്ലാ അത് ലറ്റിക് അസോസിയേഷൻ പ്രസിഡന്റ്‌ കെ പി വിജയ് അധ്യക്ഷയായി. സെക്രട്ടറി ലൂക്കാ ഫ്രാൻസീസ്, എ ഡി ജോൺ, സി പി സജി എന്നിവർ സംസാരിച്ചു. കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ കൂടുതൽ ഇളവുകൾ നൽകി ജീവിതം സാധാരണ നിലയിലേക്ക് മാറ്റുകയാണ്. ബുധനാഴ്ച സിനിമാ തിയറ്ററുകൾ തുറന്നതിനൊപ്പമാണ് കായിക മേഖലയും ഉണർന്നത്. Read on deshabhimani.com

Related News