രക്തസാക്ഷിത്വ വേദനയിൽ പിറന്ന ഗാന്ധി മെമ്മോറിയൽ യുപി

ഗാന്ധി മെമ്മോറിയൽ യുപി സ്‌കൂൾ


കൽപ്പറ്റ 1948 ജനുവരി 30. സ്വതന്ത്രഭാരതം വിറങ്ങലിച്ച കറുത്തവെള്ളി. രാഷ്‌ട്രപിതാവ്‌ മഹാത്മജി വർഗീയവാദിയുടെ വെടിയേറ്റ്‌ മരിച്ചു. സ്വാതന്ത്ര്യത്തിലേക്ക്‌ ഇന്ത്യയെ കൈപിടിച്ചു നടത്തിയ, ജനകോടികൾ നെഞ്ചേറ്റിയ മഹാത്മാവിന്റെ വിയോഗം വയനാട്‌ അഞ്ചുകുന്നിലും സങ്കടംവിതച്ചു. ഈ ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അഞ്ചുകുന്നിലെ പൗരപ്രമുഖരും പൊതുപ്രവർത്തകരും ഒത്തുചേർന്നു. ബാപ്പുജിയുടെ സ്മരണാർഥം പ്രദേശത്ത് ഒരു സ്ഥാപനംവേണമെന്ന്‌ അഭിപ്രായമുയർന്നു. ചർച്ചകൾക്കൊടുവിൽ തലമുറകൾക്ക്‌ അക്ഷരവെളിച്ചം പകരാൻ ഗാന്ധിയുടെ പേരിൽ അഞ്ചുകുന്നിൽ സ്‌കൂൾ സ്ഥാപിക്കാൻ തീരുമാനമെടുത്തു. അഞ്ചുകുന്നിന്റെ ചരിത്രത്തിൽ വഴിത്തിരിവായ ഗാന്ധി മെമ്മോറിയൽ യുപി സ്‌കൂൾ പിറവികൊണ്ടു. ഇപ്പോഴും രാഷ്‌ട്രപിതാവിന്റെ പേരിൽ ജില്ലയിലുള്ള ഏക വിദ്യാലയം.   പാലുകുന്ന് ചന്ദ്രയ്യ ഗൗഡർ പ്രസിഡന്റും കണക്കശ്ശേരി മമ്മുഹാജി സെക്രട്ടറിയും കൂവ്വമൂല കേളു നമ്പ്യാർ ട്രഷററുമായി രൂപീകരിക്കപ്പെട്ട നിർമാണ കമ്മിറ്റി പൊതുജനസഹായത്താൽ കെട്ടിടനിർമാണത്തിന് തുടക്കംകുറിച്ചു. സാമ്പത്തിക പ്രയാസത്തിൽ നിർമാണം നിലച്ചപ്പോൾ ചന്ദ്രയ്യ ഗൗഡർ സ്വന്തം നിലയിൽ പൂർത്തിയാക്കി. 1949 ജൂണിൽ അധ്യയനം ആരംഭിച്ചു.  ഇ പി ശങ്കരൻ, അഗസ്റ്റിൻ, കെ പി നാരായണൻ, കുഞ്ഞനന്തമാരാർ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. ചന്ദ്രയ്യ ഗൗഡർ പ്രഥമ മാനേജരായി. ഡിസ്ട്രിക്ട് ബോർഡിന്റെ നിയന്ത്രണത്തിൽ പ്രദേശത്തുണ്ടായിരുന്ന ലോവർ എലമെന്ററി സ്കൂളും പിന്നീട്‌ ഗാന്ധി മെമ്മോറിയൽ സ്‌കൂൾ മാനേജ്മെന്റിന്റെ കീഴിലായി. 1980ൽ വിദ്യാലയം കോഴിക്കോട്‌ രൂപതയിലെ വൈദികനായ  ഫാ. ജോസഫ് കിഴക്കെഭാഗം ഏറ്റെടുത്തു. അപ്പോഴും സ്‌കൂൾ ഗാന്ധിസ്‌മൃതിക്കായി നിലനിർത്തി. ഫാ. ജോസഫിന്റെ നിര്യാണത്തെ തുടർന്ന് 2002ൽ വിദ്യാലയം കോഴിക്കോട് രൂപതയുടെ കോർപറേറ്റിൽ ലയിപ്പിച്ചു. കെ കെ ബിജുവാണ് ഇപ്പോഴത്തെ പ്രധാനാധ്യപകൻ. 750ഓളം കുട്ടികളുമുണ്ട്   Read on deshabhimani.com

Related News