എടച്ചനക്കാർ നേരിട്ടത് 
പതിറ്റാണ്ടുകളുടെ പീഡനം



കൽപ്പറ്റ പഴശ്ശിയുദ്ധം പരാജയപ്പെടുത്തിയതിന് ശേഷം  ബ്രിട്ടീഷുകാർ വയനാട്ടിൽ  നടത്തിയത്‌ അതിക്രൂര നടപടികൾ.  യുദ്ധത്തിന് നേതൃത്വം നൽകിയ എടച്ചന കുങ്കന്റെ കുടുംബാംഗങ്ങൾ പതിറ്റാണ്ടോളം നേരിടേണ്ടിവന്ന പീഡനങ്ങൾ  ബ്രിട്ടീഷ് രേഖകളിലുണ്ട്‌. 1888 ഏപ്രിൽ 17ന് നീലഗിരി, മലബാർ ചുമതലയുള്ള സ്പെഷ്യൽ അസി. കലക്ടർ  ഇറക്കിയ 861–ാം നമ്പർ ഉത്തരവിലുണ്ട് ഈ വിവരണം.     എടച്ചന നായർ സംഘം ഫ്രീഡംഫെെറ്റേഴ്സ് അസോസിയേഷൻ മുൻ പ്രസിഡന്റ് ഇ പി കുഞ്ഞികൃഷ്ണൻനായരുടെ കുടുംബാംഗങ്ങളുടെ കെെവശത്തിലാണ് അന്നത്തെ ബ്രിട്ടീഷ് അസി. കലക്ടർ ഊട്ടിയിൽനിന്ന്‌ ഇറക്കിയ ഉത്തരവിന്റെ യഥാർഥ  കോപ്പിയുള്ളത്.     എടച്ചന കുങ്കന്റെ കുടുംബാംഗങ്ങൾ ഇപ്പോഴും അക്രമികളാണെന്നും ഇവർക്കെതിരെ കൂടുതൽ നടപടിക്ക്  അനുമതിതേടിയുള്ള സെെന്യത്തിന്റെ അപേക്ഷയിലാണ് സ്പെഷ്യൽ അസി. കലക്ടറുടെ ഉത്തരവ്.  ഇതുപ്രകാരം സർക്കാരിനെതിരെ യുദ്ധം ചെയ്തിട്ടുള്ള ആളുകളാണ് എടച്ചന തറവാട്ടിലുള്ളവർ. അതിനാൽ  സകല സ്വത്തുക്കളും സർക്കാരിൽ കണ്ടുകെട്ടുന്നു. ജന്മപട്ടയം ഉൾപ്പെടെ ഇതിൽ ഉൾപ്പെടുന്നതായും ഉത്തരവിൽ പറയുന്നു. പഴശ്ശിയെയും എടച്ചന കുങ്കനെയും വധിച്ച് എട്ട് പതിറ്റാണ്ട് കഴിഞ്ഞാണ് ഇത്തരമൊരു ഉത്തരവ്. വയനാട്ടിൽ അരങ്ങേറിയ ഐതിഹാസിക കലാപത്തിൽ എടച്ചന കുങ്കൻ  ബ്രിട്ടീഷുകാരെ എത്രമാത്രം അലോസരപ്പെടുത്തിയെന്നത് ഇതിലൂടെ വ്യക്തം.  1805ൽ  പഴശ്ശി യുദ്ധം അവസാനിച്ചശേഷം  എടച്ചന തറവാട്ടുകാരുടെ മൃതദേഹങ്ങൾ   മതാചാരപ്രകാരം  അടക്കം ചെയ്യാൻപോലും അനുവദിച്ചിരുന്നില്ല. പുഴയിൽ എറിയാനായിരുന്നു  ബ്രിട്ടീഷ് കൽപ്പന.  കോടതികളെ സമീപിച്ചിട്ടും വിലക്ക് നീങ്ങിയില്ല.  സ്വാതന്ത്ര്യാനന്തരമാണ് ഇതിന് മാറ്റം വന്നതെന്നും ചരിത്രരേഖകൾ പറയുന്നു. Read on deshabhimani.com

Related News