ധനസഹായത്തോടെ 
മൾബറി കൃഷിചെയ്യാം



കൽപ്പറ്റ  ജില്ലയിലെ കർഷകർക്ക് മൾബറി കൃഷിക്ക്‌ ജില്ലാ പഞ്ചായത്തിലെ ദാരിദ്യ ലഘൂകരണ വിഭാഗം വഴികാട്ടും. മൾബറി കൃഷിക്കും പട്ടുനൂൽ ഉൽപ്പാദനത്തിനുമായി  50 മുതൽ 75 ശതമാനംവരെ ധനസഹായം ലഭ്യമാക്കും.   ജില്ലയിലെ ദാരിദ്ര്യ ലഘൂകരണത്തിനും തൊഴിലില്ലായ്മക്കും പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. മൾബറി കൃഷി, പട്ടുനൂൽ പുഴു വളർത്തൽ ഷെഡ്, ഉപകരണം, ജലസേചനം, സിൽക്ക് റീലിങ്‌, വീവിങ്‌, വിപണനം എന്നിവക്കെല്ലാം സഹായം നൽകും.   അനുകൂല കാലാവസ്ഥയിൽ വളർത്തിയെടുക്കാവുന്ന സങ്കരയിനം പട്ടുനൂൽപ്പുഴുക്കളുടെ മുട്ടകളാണ് ഇപ്പോൾ കേന്ദ്ര സിൽക്ക് ബോർഡിൽനിന്ന്‌ വിതരണംചെയ്യുന്നത്. പുഴുക്കളിൽനിന്ന്‌ ലഭിക്കുന്ന ഗുണനിലവാരമുള്ള കൊക്കൂണുകൾക്ക് മാർക്കറ്റിൽ കിലോഗ്രാമിന് 500 രൂപയോളം വില ലഭിക്കും.   ജില്ലയോട് ചേർന്നുളള കർണാടകയിലെ മൈസൂരു, രാംനഗർ എന്നിവിടങ്ങളിലെ സെൻട്രൽ സിൽക്ക് ബോർഡിന്റെ രണ്ട് വിപണന കേന്ദ്രങ്ങളിൽ ജില്ലയിലെ കർഷകർക്ക്  കൊക്കൂൺ വിപണനത്തിന് സൗകര്യമുണ്ട്. ജില്ലയിൽ കണിയാമ്പറ്റയിലാണ് ഏറ്റവും കൂടുതൽ സെറികൾച്ചർ കൃഷി നടത്തുന്നത്.  ഇരുനൂറോളം കർഷകർ സെറികൾച്ചർ മേഖലയിൽ വ്യാപൃതരാണ്. എല്ലാതരം മണ്ണിലും മൾബറി വളരുമെങ്കിലും പിഎച്ച് 6.5 ഉള്ള ചുവന്ന മണ്ണാണ് അനുയോജ്യം. വർഷത്തിൽ 300 മില്ലി മീറ്റർ മുതൽ 2000 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്നതും സമുദ്രനിരപ്പിൽ നിന്ന്‌ 200 മീറ്റർ മുതൽ 1200 മീറ്റർ വരെ ഉയരമുള്ള സ്ഥലങ്ങളിൽ മൾബറി കൃഷി ചെയ്യാനാകും.  സമീപകാലത്തായി  ആവിഷ്‌കരിച്ച നൂതന സാങ്കേതിക വിദ്യയും അത്യുൽപ്പാദന ശേഷിയുള്ള വി വൺ ഇനത്തിൽപ്പെട്ട മൾബറി ചെടിയുടെയും  ബൈവോൾടൈൻ ഇനത്തിൽപ്പെട്ട പട്ടുനൂൽ പുഴുക്കളുടെയും കണ്ടെത്തലുകൾ സെറികൾച്ചറിനെ കൂടുതൽ സ്വീകാര്യമാക്കുന്നു. സെറികൾച്ചർ പദ്ധതിയിൽ പങ്കാളിയാകുന്ന കർഷകർക്ക് ജില്ലാ പഞ്ചായത്തിലെ ദാരിദ്യ ലഘൂകരണ വിഭാഗം വഴികാട്ടും. Read on deshabhimani.com

Related News