നൂലുകൾ കോർത്ത്‌ മെഗാ സ്‌റ്റാർ

മമ്മൂട്ടിക്ക്‌ അനിൽ ചുണ്ടേൽ ത്രെഡ്‌ ആർട്ട്‌ സമ്മാനിക്കുന്നു


കൽപ്പറ്റ  ഒരു ക്യാൻവാസിൽ മുന്നൂറ് ആണികളിൽ ഏഴായിരം മീറ്റർ നൂലുകൊണ്ട് കോർത്തെടുത്ത മെഗാ സ്റ്റാർ മമ്മൂട്ടിയുടെ  ത്രഡ് ആർട്ടുമായി അനിൽ ചുണ്ടേൽ. ഒരാഴ്‌ചയിലെ കഠിന പരിശ്രമത്തിൽ കോർത്തെടുത്ത ‘ഭീഷ്മ’  സിനിമയിലെ ക്യാരക്ടർ പോസ്റ്റർ നടൻ മമ്മൂട്ടിക്ക് സമർപ്പിച്ചു.    വെള്ള ക്യാൻവാസിൽ കറുപ്പ് നൂലുകൊണ്ടാണ് മമ്മൂട്ടിയെ കോർത്തെടുത്തത്‌.   വെള്ള ക്യാൻവാസിൽ ഭീഷ്മയിലെ മമ്മൂക്കയുടെ ക്യാരക്ടർ പോസ്റ്ററിന് അനുസരിച്ച്  കളർ വാല്യൂ സെറ്റ് ചെയ്താണ് ആണികൾ അടിക്കുന്നത്‌.       10,000 മീറ്റർ നൂലിന്റെ കെട്ട് വാങ്ങിയതിൽ വളരെ കുറച്ചു മാത്രമാണ് ബാക്കിയുള്ളത്.  ഏകദേശം ഏഴായിരം മീറ്ററിലധികം ചെലവായിട്ടുണ്ടാവുമെന്ന് അനിൽ പറയുന്നു. ഒന്നരപ്പതിറ്റാണ്ടായി ആനിമേഷൻ ഫിലിം നിർമാണ രംഗത്ത് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കാരറ്റ് ഫിലിം അക്കാദമിയിൽ ജോലിചെയ്യുന്ന അനിൽ ഭീഷ്മയുടെ സ്നേഹ സമ്മാനമായാണ് ചിത്രമുണ്ടാക്കിയത്. മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ പ്രധാനപ്പെട്ട 25 കഥാപാത്രങ്ങൾ ത്രഡ് ആർട്ടിലൂടെ നിർമിച്ച്  എക്സിബിഷൻ നടത്താൻ ഉദ്ദേശ്യമുണ്ട്.  മമ്മൂട്ടിയെ നേരിൽ കണ്ടപ്പോൾ കാര്യം പറഞ്ഞപ്പോൾ അദ്ദേഹം പൂർണ പിന്തുണ നൽകിയതായി അനിൽ പറഞ്ഞു. ആവശ്യമുള്ളവർക്ക്  ക്യാൻവാസ് നിർമിച്ചു കൊടുക്കും. യൂണിസെഫ് സഹകരണത്തോടെ കേരള വിദ്യാഭ്യാസ വകുപ്പ് ഈ വർഷം സംഘടിപ്പിച്ച എസ്‌സിഇആർടി ഫിലിം ഫെസ്റ്റിവലിൽ അനിൽ ചുണ്ടേൽ സംവിധാനം ചെയ്ത കുട്ടികളുടെ ചലച്ചിത്രത്തിനും കേരള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. പാഠം മൂന്ന് എന്ന ചിത്രത്തിനാണ് പുരസ്കാരം ലഭിച്ചത്.  കാരറ്റ് ഫിലിം നിർമിച്ച് അനിൽ ചുണ്ടേൽ സംവിധാനം ചെയ്ത ‘കോമൺ സെൻസ്' കഴിഞ്ഞ വർഷത്തെ വിയറ്റ്നാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ  മികച്ച വിഎഫ്എക്സ് ചിത്രത്തിനുള്ള പുരസ്കാരവും  നേടിയിരുന്നു.   Read on deshabhimani.com

Related News