മാർക്കറ്റ്‌ വില 12,000, 
സപ്ലൈക്കോ നൽകുന്നത്‌ 28,000



  കൽപ്പറ്റ  നെൽകർഷകർക്ക്‌ ആശ്വാസമായി  ജില്ലയിൽ സപ്ലൈക്കോ നെല്ല്‌ ശേഖരണം തുടരുന്നു. ജില്ലയിൽ പാടശേഖരം വഴിയാണ്‌ നെല്ല്‌ ശേഖരണം.  ഓരോ പാടശേഖരത്തും ഒന്നും രണ്ടും കേന്ദ്രത്തിലൂടെയാണ്‌ നെല്ലെടുക്കുന്നത്‌.  ഇതുവരെയായി  3500 ടൺ നെല്ല്‌ സപ്ലൈക്കോ ശേഖരിച്ചു കഴിഞ്ഞു.  മാർക്കറ്റിൽ ക്വിന്റലിന്‌  12,000 മുതൽ 15,000 വരെയാണ്‌ നിലവിലെ നെല്ലുവില. സപ്ലൈക്കോ എടുക്കുന്നത്‌ 28,000 രൂപയ്‌ക്കാണ്‌.     ലോഡിങ്‌ കൂലിയുൾപ്പെടെ കിലോയ്‌ക്ക്‌ 28.12 രൂപ കർഷകന്‌ ലഭിക്കും.  സീസണായിട്ടും പൊതുമാർക്കറ്റിൽ വിലയില്ലാത്തത്‌ കർഷകരെ ദുരിതത്തിലാക്കുമ്പോഴാണ്‌ കൈത്താങ്ങായി സപ്ലൈക്കോ നെല്ല്‌ ശേഖരിക്കുന്നത്‌. കൂടിയ വിലയ്‌ക്ക്‌ സപ്ലൈക്കോ ശേഖരിക്കാൻ തുടങ്ങിയതോടെ മാർക്കറ്റിലും അതിന്റെ ചലനങ്ങളുണ്ടാവുന്നുണ്ട്‌.  നെല്ല്‌ ഉണക്കി ചാക്കിൽകെട്ടിയാണ്‌ കർഷകർ സപ്ലൈക്കോയ്‌ക്ക്‌ നൽകുന്നത്‌.  അധികൃതർ  റസീറ്റ്‌ നൽകിയാൽ മൂന്ന്‌ ദിവസത്തിനുള്ളിൽ കർഷകന്‌ തുക ലഭിക്കുന്നുണ്ട്‌. ഇതും ഏറെ ആശ്വാസമാണ്‌. വിവിധ കാരണങ്ങളാൽ  ഒരുപാട്‌ താമസിച്ചാണ്‌ മുൻകാലങ്ങളിൽ കർഷകർക്ക്‌ തുക ലഭിച്ചിരുന്നത്‌. അതിനാൽ തന്നെ ചെറിയ വിലയ്‌ക്ക്‌ പൊതുമാർക്കറ്റിൽ വിൽക്കാൻ കർഷകർ നിർബന്ധിക്കപ്പെടാറുണ്ട്‌.  സിആർഎസ്‌ ലോൺ വഴിയാണ്‌ സർക്കാർ കർഷകർക്ക്‌ ബാങ്ക്‌ വഴി തുക നൽകുന്നത്‌. സപ്ലൈക്കോയുമായി കരാർ വച്ച നിരവധി ബാങ്കുകളുണ്ട്‌. അവയിലൂടെ മൂന്ന്‌ പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഇപ്പോൾ തുക ലഭിക്കുന്നുണ്ട്‌.   ഒരേക്കറിൽനിന്ന്‌ 2200 കിലോ വരെയാണ്‌ നെല്ലെടുക്കുന്നത്‌.  ഈ ലോണിന്റെ പലിശ സർക്കാരാണ്‌ അടയ്‌ക്കുന്നത്‌. കഴിഞ്ഞ നവംബർ അവസാനം മുതലാണ്‌ നെല്ലെടുപ്പ്‌ തുടങ്ങിയത്‌. ഫെബ്രുവരി അവസാനത്തോടെ സംഭരണം പൂർത്തിയാക്കാൻ കഴിയുമെന്ന്‌  കൃഷി അസിസ്‌റ്റന്റ്‌ വി ജോസഫ്‌ പറഞ്ഞു. Read on deshabhimani.com

Related News