സ്വപ്നസാക്ഷാത്ക്കാരമായി ബിന്ദുവിന്‌ വീട് ഒരുങ്ങി



കൽപ്പറ്റ പന്ത്രണ്ടുവർഷമായി മാനന്തവാടിയിൽ ഓട്ടോ ഓടിക്കുന്ന കുഴിനിലം സ്വദേശി ബിന്ദു മോൾക്ക്‌ സ്വപ്‌നസാക്ഷാത്‌കാരമായി വീടൊരുങ്ങി. മോട്ടോർ വാഹനവകുപ്പ്‌ ഉദ്യോഗസ്ഥരും വയനാട് റോഡ് സേഫ്റ്റി വളന്റിയർമാരുമാണ്‌ വീടൊരുക്കിയത്‌.  ബിന്ദുവിന്റെ ഭർത്താവ്‌ നേരത്തേ മരിച്ചിരുന്നു. ഷീറ്റുകൊണ്ട് മറച്ച വീട്ടിലാണ്‌ കഴിഞ്ഞിരുന്നത്‌.  റോഡ് സേഫ്റ്റി വളന്റിയർകൂടിയായ ബിന്ദുവിന്റെ  അവസ്ഥ മനസ്സിലാക്കിയ മറ്റു വളന്റിയർമാരും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമാണ്‌  സഹായഹസ്തവുമായി രംഗത്തിറങ്ങിയത്‌. കഴിഞ്ഞ വർഷം ആഗസ്‌ത്‌ ഒന്നിന്‌ വീടിന്റെ പണി ആരംഭിച്ചു. പണി ആരംഭിച്ചതോടെ സമൂഹത്തിന്റെ വിവിധ കോണുകളിൽനിന്നുമുള്ള ധനസഹായങ്ങൾ ലഭിച്ചു.  ആറുലക്ഷം രൂപ മുടക്കി ഒരുവർഷംകൊണ്ട് ബിന്ദുവിന്റെ വീട്‌ യാഥാർഥ്യമായി.  കലക്ടറേറ്റിൽ നടന്ന വാഹനീയം പരാതിപരിഹാര അദാലത്തിൽ മന്ത്രി ആന്റണി രാജുവിന്റെ കൈയിൽനിന്ന്‌ പുതിയ വീടിന്റെ താക്കോൽ ബിന്ദു ഏറ്റുവാങ്ങി.   Read on deshabhimani.com

Related News