സാമൂഹിക ജാഗരൺ സദസ്സ്‌ 14ന്‌ കൽപ്പറ്റയിൽ



കൽപ്പറ്റ  രാജ്യത്തിന്റെ സ്വാതന്ത്ര്യമൂല്യങ്ങൾ സംരക്ഷിക്കാനും കോർപറേറ്റ് അനുകൂല നയങ്ങൾ തിരുത്തിക്കാനുമുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി 14ന്‌ കൽപ്പറ്റയിൽ കർഷകരും തൊഴിലാളികളും അണിനിരന്ന്‌ സാമൂഹിക ജാഗരൺ സദസ്സ്‌ സംഘടിപ്പിക്കും.  കർഷകസംഘം, കർഷക തൊഴിലാളി യൂണിയൻ, സിഐടിയു സംഘടനകളുടെ നേതൃത്വത്തിലാണ്‌ പ്രതിഷേധം സംഘടിപ്പിക്കുകയെന്ന്‌ ഭാരവാഹികളായ വി വി ബേബി, ടി ബി സുരേഷ്‌, സുരേഷ്‌ താളൂർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര സർക്കാർ  കോർപറേറ്റുകൾക്ക്‌ രാജ്യത്തെ വിറ്റുതുലയ്‌ക്കുന്ന സന്ദർഭത്തിലാണ്   സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികം ആഘോഷിക്കുന്നത്. കർഷകരുടെയും തൊഴിലാളികളുടെയും വരുമാനത്തിൽ വൻ ഇടിവുണ്ടായി. തൊഴിൽ സംരക്ഷണ നിയമങ്ങളെ ഇല്ലാതാക്കി. ഭക്ഷ്യവസ്തുക്കൾക്കുപോലും ജിഎസ്ടി ചുമത്തി ദരിദ്രവൽക്കരണത്തിന് വേഗം കൂട്ടുകയാണ്.  മതനിരപേക്ഷത, ജനാധിപത്യം, ഫെഡറലിസം  എന്നിവയെല്ലാം തകർക്കുന്നു. എതിർക്കുന്നവരെ വേട്ടയാടുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് പരിപാടി നടത്തുന്നത്. രാജ്യത്തിന്റെ മതനിരപേക്ഷതയും സാമൂഹ്യ നീതിയും ഫെഡറലിസവും സംരക്ഷിക്കാനുള്ള ആഹ്വാനവുമായാണ്‌  സാമൂഹിക ജാഗരൺ സദസ്സ്‌ സംഘടിപ്പിക്കുന്നത്. 14ന് പകൽ മൂന്നിന് കനറാബാങ്ക് പരിസരത്തുനിന്ന്‌ റാലി ആരംഭിക്കും. വിജയപമ്പ് പരിസരത്ത് പൊതുയോഗം നടക്കും. കെഎസ്‌ കെടിയു സംസ്ഥാന ട്രഷറർ ധർമദാസ് ഉദ്ഘാടനം ചെയ്യും. Read on deshabhimani.com

Related News