തൊട്ടറിയാം കേമൻ ‘എകെ 47 ’നോ ‘താറോ’?

നന്ദകിഷോറിനും കൂട്ടുകാർക്കും പൊലീസുകാർ‌ തോക്കിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നു


  കൽപ്പറ്റ ഏഴിൽ പഠിക്കുമ്പോഴാണ്‌ നന്ദകിഷോർ ആദ്യമായി നേരിൽ തോക്ക്‌ കാണുന്നത്‌. സ്‌കൂളിൽനിന്ന്‌ പൊലീസ്‌ സ്‌റ്റേഷൻ കാണിക്കാൻ കൊണ്ടുപോയപ്പോഴായിരുന്നു അത്‌. അന്നേ മനസ്സിൽ മൊട്ടിട്ടതാണ്‌ തോക്ക്‌ തൊട്ടുനോക്കണമെന്നത്‌. ‘എന്റെ കേരളം’ പ്രദർശനത്തിലാണ്‌ കൽപ്പറ്റ എസ്‌കെഎംജെ ഹയർസെക്കൻഡറിയിലെ ഒമ്പതാം ക്ലാസുകാരൻ  നന്ദകിഷോറിന്റെ മോഹം സഫലമായത്‌.  പൊലീസ്‌ വകുപ്പിന്റെ സ്‌റ്റാളിൽ ജില്ലയിലെ പൊലീസ്‌ സേന ഉപയോഗിക്കുന്ന എല്ലാ അത്യാധുനിക തോക്കുകളും പ്രദർശിപ്പിച്ചിട്ടുണ്ട്‌.  പ്രവർത്തനം വിശദീകരിക്കാൻ പൊലീസുകാരുമുണ്ട്‌. നേരത്തെ സേന ഉപയോഗിച്ചിരുന്ന തോക്കുകളുടെ ആധുനിക പതിപ്പുകളാണെല്ലാം. മാവോയിസ്‌റ്റ്‌ വിരുദ്ധ സേന ഉപയോഗിക്കുന്നവയും കൂട്ടത്തിലുണ്ട്‌.  എ കെ 47ന്റെ കളിത്തോക്ക്‌ മാതൃക  മാത്രം കണ്ടിരുന്ന ‌നന്ദകിഷോറിനും സുഹൃത്ത്‌ അശ്വിൻ കൃഷ്‌ണനും ഒറിജിനൽ മുന്നിൽ കണ്ടപ്പോൾ അത്ഭുതം അടക്കാനായില്ല. എന്നാൽ ഇന്ത്യൻ നിർമിതമായ ‘താർ’ എ കെ 47നെ വെല്ലുമെന്ന്‌ പൊലീസുകാർ വിവരിച്ചപ്പോൾ  മറ്റുള്ളവരും ചുറ്റുംകൂടി.  600 റൗണ്ട്‌ വെടിയുതിർക്കാനാവുന്ന റൈഫിൾ 7.62 എംഎം ‘ഗതക്’, മൾട്ടി ഷെൽ ലോഞ്ചർ, ടിയർ ഗ്യാസ്‌ ഗൺ, 7.62 എംഎം ടിഎആർ എന്നിവയെല്ലാം കൺനിറയെ കണ്ടു. സൈബർ, പിങ്ക്‌, ജനമൈത്രി പൊലീസിന്റെ പ്രവർത്തനങ്ങൾ, പൊലീസ്‌ നൽകുന്ന മറ്റു സേവനങ്ങൾ എന്നിവയെല്ലാം മനസ്സിലാക്കിയാണ്‌ നന്ദകിഷോറും കൂട്ടുകാരും മടങ്ങിയത്‌. ‌   Read on deshabhimani.com

Related News