ജില്ലാ സ്‌റ്റേഡിയം ഉദ്‌ഘാടനത്തിലേക്ക്‌



  കൽപ്പറ്റ   കാത്തിരിപ്പിന്‌ വിട.  ജില്ലാ സ്‌റ്റേഡിയം  ഈ മാസം അവസാനം നാടിന്‌ സമർപ്പിക്കും. സംഘാടക സമിതി രൂപീകരണം ശനി വൈകിട്ട്‌ നാലിന്‌ മുണ്ടേരി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും.  ജില്ലയിലെ കായികതാരങ്ങളുടെയും  കായികപ്രേമികളുടെയും ചിരകാലാഭിലാഷമാണ്‌  യാഥാർഥ്യമാകുന്നത്‌.   കൽപ്പറ്റ നഗരത്തിൽനിന്നും  മൂന്ന്‌ കിലോമീറ്റർ അകലെ മരവയലിൽ 7.88 ഏക്കർ ഭൂമിയിലാണ്‌ എൽഡിഎഫ്‌ സർക്കാർ സ്‌റ്റേഡിയം നിർമിച്ചത്‌. 18.60 കോടി രൂപയാണ് നിർമാണത്തിന് കിഫ്‌ബി വഴി അനുവദിച്ചത്‌‌. 30 വർഷം മുമ്പ്‌ സ്ഥലം ലഭിച്ചിരുന്നെങ്കിലും  സ്‌റ്റേഡിയത്തിന്‌ നടപടികളുണ്ടായില്ല. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ എംഎൽഎ സി കെ ശശീന്ദ്രന്റെയും ജില്ലാ സ്‌പോർട്‌സ്‌ കൗൺസിലിന്റെയും ശ്രമഫലമായാണ്‌  സ്‌റ്റേഡിയം നിർമിച്ചത്‌. ഒന്നര വർഷം മുമ്പ്‌ നിർമാണം പൂർത്തിയായതാണ്‌. സിന്തറ്റിക്‌ ട്രാക്‌ നിർമാണത്തിന്റെ അവസാന പണികൾ അൽപ്പം നീണ്ടു.  മിനുക്ക്‌ പണികളും പൂർത്തിയാക്കിയാണ്‌ ഉദ്‌ഘാടനത്തിലേക്ക്‌ കടക്കുന്നത്‌. Read on deshabhimani.com

Related News