ഓരോ കുടുംബത്തിനും പ്രത്യേക പദ്ധതി



  കൽപ്പറ്റ അതിദാരിദ്ര്യം തുടച്ചുനീക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ ‌ ജില്ലയിൽ സെപ്‌തംബറിൽ തുടങ്ങും. അതിദാരിദ്ര്യ നിർമാർജനത്തിന്റെ ഭാഗമായി  2931 കുടുംബങ്ങളെയാണ്‌ കണ്ടെത്തിയിട്ടുള്ളത്‌. ഇവർക്കുള്ള ക്ഷേമ പദ്ധതികളാണ്‌  ആരംഭിക്കുന്നത്‌. 31ന്‌ മുമ്പ്‌   കുടുംബങ്ങൾക്കുള്ള  പ്രത്യേക മൈക്രോ പ്ലാൻ തയ്യാറാക്കും.  ഇവ ക്രോഡീകരിച്ച് ആവശ്യമായ പ്രോജക്ടുകൾ രൂപീകരിച്ച് നടപ്പാക്കും.  അടിയന്തര സേവനം, ഹ്രസ്വകാല പദ്ധതികൾ, ദീർഘകാല പദ്ധതികൾ എന്നിങ്ങനെ മൂന്ന് വിധത്തിലാണ്‌ പദ്ധതികൾ.     ഭക്ഷണ ലഭ്യത, ആരോഗ്യപരമായ കാരണങ്ങൾ, വാസസ്ഥലം, വരുമാന ലഭ്യത എന്നിവയുടെ അടിസ്ഥാനത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളാണ് അതിദാരിദ്ര്യ പട്ടികയിൽ വരുന്നത്. നഗരസഭകളിൽ 361 കുടുംബങ്ങളും പഞ്ചായത്തുകളിൽ 2570 കുടുംബങ്ങളുമാണ് അതി ദരിദ്രർ. നേരത്തെ ശേഖരിച്ച വിവരങ്ങളുടെയും ഇപ്പോൾ ശേഖരിക്കുന്ന അധിക വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ഓരോ കുടുംബങ്ങളെയും അതി ദാരിദ്ര്യത്തിൽനിന്ന് മുക്തരാക്കുകയാണ്‌ ലക്ഷ്യം.           മൈക്രോ പ്ലാൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപന അധ്യക്ഷൻമാർക്കും സെക്രട്ടറിമാർക്കുമായി നടത്തിയ പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത് പ്രസിഡന്റ്സ്‌ അസോസിയേഷൻ പ്രസിഡന്റ് എച്ച്‌ ബി  പ്രദീപ് അധ്യക്ഷനായി. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്റ്റ് ഡയറക്ടർ പി സി മജീദ്, കില പരിശീലകരായ കെ വി  ജുബൈർ, ഷാനിബ്, പ്രഭാകരൻ എന്നിവർ സംസാരിച്ചു.    അതിദരിദ്രർ  
കൂടുതൽ
പനമരത്ത്‌ പനമരം പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ അതി ദരിദ്രരുള്ളത്. 219 പേർ. കുറവ് എടവകയിൽ. 35 പേർ. നഗരസഭകളിൽ കൂടുതൽ മാനന്തവാടിയിലും (210) കുറവ് കൽപ്പറ്റയിലുമാണ് (27).  ജില്ലയിലെ മൊത്തം കുടുംബങ്ങളുടെ 1.5 ശതമാനമാണ് അതിദരിദ്രർ. Read on deshabhimani.com

Related News