വിദ്യാര്‍ഥികളെ കുരുക്കാന്‍ ജില്ലയില്‍ ല​ഹരിശൃംഖല



  മാനന്തവാടി പൊലീസും -എക്‌സൈസും ലഹരിക്കെതിരെ പരിശോധന കർശനമാക്കുമ്പോഴും ജില്ലയിൽ പലയിടത്തും  വിദ്യാർഥികളെ കേന്ദ്രീകരിച്ച്‌ ലഹരിവസ്തുക്കളുടെ വിപണനവും ഉപയോഗവും സജീവമായി നിലനിൽക്കുന്നു.  പല സംഘങ്ങളും  പരിശോധകർക്ക്‌ പിടികൊടുക്കാതെ ഒളിച്ചിരിക്കയാണ്. നിരോധിത പുകയില ഉൽപ്പന്നങ്ങൾ, കഞ്ചാവ്, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കൾ പലകൈമറിഞ്ഞ് ജില്ലയിലെത്തുന്നു. വിൽപ്പനയ്‌ക്കും  ഇടനിലക്കും വിദ്യാർഥികളെയാണ്‌ ഉപയോഗിക്കുന്നത്‌. എക്‌സൈസിന്റെയും പൊലിസിന്റെയും ഇടപെടലുകളിലൂടെ ലഹരിവ്യാപനം തടയുന്നതിൽ വൻ മുന്നേറ്റമുണ്ടാക്കാൻ കഴിയുന്നതിനടിയിലും ഇത്തരം സംഘങ്ങൾ  തുടരുന്നതാണ്‌ ആശങ്ക ഉയർത്തുന്നത്‌.      ചില  വിളിപ്പേരുകളിലുമാണ് ലഹരിവസ്തുക്കൾ ഉപഭോക്താക്കൾക്കിടയിൽ പ്രചരിക്കുന്നത്. വിദ്യാർഥികൾക്കിടയിൽ "ജോയിന്റ്' എന്നാണ് കഞ്ചാവ് അറിയപ്പെടുന്നത്. ചെറുപൊതികളിലാക്കി കഞ്ചാവ് എത്തിച്ചുനൽകും. കത്തിച്ച് വലിക്കാനായി "ഒസിബി' എന്നറിയപ്പെടുന്ന പ്രത്യേകം പേപ്പറുകളും ലഭിക്കും. ആപ്പിൾ, ലച്ചി, മാങ്കോ തുടങ്ങി വിവിധ ഫ്ലേവറുകളുള്ള ഇത്തരം പേപ്പർ കെട്ടിന് 50 രൂപയാണ് വില. മൈസൂരുവിൽനിന്നെത്തുന്ന ഇത്തരം "ഒസിബി' ഉയർന്ന വിലയ്ക്കാണ് വിദ്യാർഥികൾക്ക് വിൽക്കുന്നത്.  കർണാടകത്തിൽ നിന്നും  ബാവലി, പെരിക്കല്ലൂർ, മരക്കടവ് തുടങ്ങിയ അതിർത്തികളിലെ ഏജന്റുമാർ മുഖാന്തരമാണ് കഞ്ചാവ്‌ ജില്ലയിലെത്തുന്നത്. പിടിക്കപ്പെടാതിരിക്കാൻ പുഴയെയും വനങ്ങളിലെ ഊടുവഴികളെയുമാണ്‌ ആശ്രയിക്കുന്നത്‌. ചെറുപൊതികളാക്കിയാണ്‌ വിൽപ്പന.  2000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് വിൽക്കുമ്പോൾ 8000 രൂപ മുതൽ 12,000 രൂപ വരെയാകും. മാനന്തവാടിയിൽ മാത്രം പത്തോളം കഞ്ചാവ് വിൽപ്പനക്കാരുണ്ടെന്നാണ് വിവരം. പാർക്കിങ് ഏരിയ, നിർമാണം പൂർത്തിയാകാത്ത കെട്ടിടങ്ങൾ, ബാറുകളുടെ പരിസരം, ചില ഗുമട്ടി കടകൾ എന്നിവിടങ്ങളിലാണ് കൈമാറ്റം നടക്കുന്നത്.  220 കിലോ​ഗ്രാം കഞ്ചാവും 1.5 കിലോ എംഡിഎംഎയുമാണ്‌ കഴിഞ്ഞ വർഷം എക്‌സൈസ് പിടിച്ചെടുത്തത്. ലഹരിക്കെതിരെ പോരാടാൻ കുട്ടികളെ സജ്ജരാക്കുന്നതിൽ സർക്കാരും  എക്‌സൈസ്‌ വിഭാഗവും യുവജന സംഘടനകളുമെല്ലാം രംഗത്തുണ്ടെങ്കിലും ഇവയെല്ലാം മറികടന്നും ലഹരി സംഘം ജില്ലയിൽ പ്രവർത്തിക്കുന്നു.    Read on deshabhimani.com

Related News