കൂടുതൽ ഹ്യുമാനിറ്റീസ്‌, കൊമേഴ്‌സ്‌ ബാച്ചുകൾ അനുവദിക്കണം: എൽഡിഎഫ്‌



കൽപ്പറ്റ  പ്ലസ്‌ വണ്ണിന്‌ ജില്ലയിൽ കൂടുതൽ ഹ്യുമാനിറ്റീസ്‌, കൊമേഴ്‌സ്‌ ബാച്ചുകൾ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എൽഡിഎഫ്‌ ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ വിദ്യാഭ്യാസ, പട്ടികവർഗ വകുപ്പ്‌ മന്ത്രിമാർക്ക്‌ നിവേദനം നൽകി. ആദിവാസി വിദ്യാർഥികളുൾപ്പെടെയുള്ളവരുടെ തുടർ പഠനത്തിനായി ഹ്യുമാനിറ്റീസ്‌, കൊമേഴ്‌സ്‌ ബാച്ചുകൾ ആരംഭിക്കുന്നതിനായി പ്രത്യേക നടപടി സ്വീകരിക്കണം. ഈ വർഷം ജില്ലയിൽ എസ്‌എസ്‌എൽസി പാസായത്‌ 11,600 വിദ്യാർഥികളാണ്‌. ഹ്യുമാനിറ്റീസ്‌ ബാച്ചുകളിലെ സീറ്റുകൾ 2450 ആണ്‌. ഹ്യുമാനിറ്റീസ്‌ വിഷയം എടുത്തു പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഇതിൽ കൂടുതലാണ്‌.  ആദിവാസി വിഭാഗത്തിൽനിന്ന്‌ എസ്‌എസ്‌എൽസി പാസായവർ 2292 ആണ്‌.  ഇവരിൽ കൂടുതലും ഹ്യുമാനിറ്റീസ്‌ ഇഷ്ടപ്പെടുന്നവരാണ്‌. താൽപ്പര്യമില്ലാത്ത വിഷയങ്ങളിൽ പ്രവേശനം നേടേണ്ടിവരുന്നത്‌ കൊഴിഞ്ഞുപോക്കിന്റെ പ്രധാന കാരണമാണ്‌. ആദിവാസി വിദ്യാർഥികളുടെ യാത്രാച്ചെലവ്‌ പൂർണമായും പട്ടികവർഗവകുപ്പ്‌ വഹിക്കണം. യാത്രാക്കൂലി ഇല്ലാത്തതും കൊഴിഞ്ഞുപോക്കിന്‌ ഇടയാക്കുന്നു. താലൂക്ക്‌ കേന്ദ്രങ്ങളിൽ പോസ്‌റ്റ്‌ മെട്രിക്‌ ഹോസ്‌റ്റലുകൾ ആരംഭിക്കണമെന്നും മന്ത്രിമാരായ വി ശിവൻകുട്ടി, കെ രാധാകൃഷ്‌ണൺ എന്നിവർക്ക്‌ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്‌. Read on deshabhimani.com

Related News