അങ്കണവാടി വര്‍ക്കറുടെ മരണം: സമഗ്ര അന്വേഷണം നടത്തും



കൽപ്പറ്റ അട്ടമല അങ്കണവാടി വർക്കർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ശക്തമായ നടപടിയുമായി  സർക്കാർ. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി വീണാ ജോർജ് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.    മേപ്പാടി പഞ്ചായത്ത് പത്താം വാർഡ് അട്ടമല അങ്കണവാടി വർക്കർ ചൂരൽമല ചൈതന്യത്തിൽ കെ കെ ജലജ(53)യെയാണ്‌ തിങ്കളാഴ്‌ച വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്‌. അച്ചടക്കലംഘനം നടത്തിയെന്ന പരാതിയിൽ കഴിഞ്ഞ മൂന്നിന്‌ ജലജയെയും അങ്കണവാടി ഹെൽപ്പറെയും സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ്‌ ജീവനൊടുക്കിയതെന്ന്‌ ആക്ഷേപമുണ്ട്‌. സംഭവത്തിൽ ജലജയുടെ കുടുംബം മേപ്പാടി പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയാവശ്യപ്പെട്ട്‌  അങ്കണവാടി വർക്കേഴ്‌സ്‌ ആൻഡ്‌ ഹെൽപ്പേഴ്‌സ്‌ അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ അങ്കണവാടി ജീവനക്കാർ  മേപ്പാടിയിൽ പ്രതിഷേധ മാർച്ചും നടത്തിയിരുന്നു. ജലജയും ഹെൽപ്പറും തമ്മിൽ അങ്കണവാടിയിൽവച്ചുണ്ടായ തർക്കത്തിൽ  വാർഡ്‌ അംഗം ഇടപെടുകയും  ഇയാൾ  അങ്കണവാടി അടച്ചുപൂട്ടി താക്കോലുമായി പോകുകയും ചെയ്‌തു.  ചില ഉദ്യോഗസ്ഥരും നിരുത്തരവാദപരമായി പെരുമാറിയെന്ന ആക്ഷേപമുണ്ട്‌. ഈ സാഹചര്യത്തിലാണ്‌  സർക്കാർ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചത്‌.   Read on deshabhimani.com

Related News