എഐസിസിക്ക്‌ പരാതി നൽകി



  കൽപ്പറ്റ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റുമാരെ കെ സുധാകരനും വി ഡി സതീശനും ചേർന്ന്‌ ഏകപക്ഷീയമായി നിയമച്ചതിനെതിരെ പരാതിയുമായി മുൻമന്ത്രിയും എഐസിസി അംഗവുമായ പി കെ ജയലക്ഷ്‌മിയും. തന്നെയും പരേതനായ മുൻ എംപി എം ഐ ഷാനവാസിനെയും തെരഞ്ഞെടുപ്പുകളിൽ തോൽപ്പിക്കാൻ നേതൃത്വം നൽകിയവരെയുൾപ്പെടെയാണ്‌ വയനാട്ടിൽ ബ്ലോക്ക്‌ പ്രസിഡന്റാക്കിയതെന്നാണ്‌ ജയലക്ഷ്‌മിയുടെ ആക്ഷേപം. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്‌ ഇവർ പരാതി നൽകി. പുനഃസംഘടനക്കെതിരെ എ ഗ്രൂപ്പ്‌ നേതാക്കൾ പരസ്യമായി തുറന്നടിച്ചതിനുപിന്നാലെയാണ്‌  അതേ ഗ്രൂപ്പിൽപ്പെട്ട ജയലക്ഷ്‌മിയും രംഗത്തെത്തുന്നത്‌. ബെന്നി ബഹനാൻ ഉൾപ്പെടെയുള്ളവരുടെ അറിവോടെയാണ്‌ പരാതി നൽകിയിട്ടുള്ളത്‌.  മാനന്തവാടി ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ എ എം നിശാന്തിനെതിരെയാണ്‌ പ്രധാന ആക്ഷേപം. ഡിസിസി നൽകിയ പട്ടിക പൂർണമായും വെട്ടിയാണ്‌ സുധാകരൻ നിശാന്തിനെ പ്രസിഡന്റാക്കിയത്‌. ഡിസിസി നൽകിയ പട്ടികയിൽ നിശാന്തിന്റെ പേര്‌ ഉണ്ടായിരുന്നില്ല. പി ഷംസുദ്ദീൻ, പി വി ജോർജ്‌, വി വി രാമകൃഷ്‌ണൻ എന്നിവരുടെ പേരുകളാണ്‌ നൽകിയത്‌.  നിയമസഭാ തെരഞ്ഞെടുപ്പിൽ പി കെ ജയലക്ഷ്‌മിയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ നേരത്തെ പാർടിയിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌ത നിശാന്തിനെ പിന്നീട്‌ തിരിച്ചെടുത്തതാണ്‌. കെപിസിസി പ്രസിഡന്റ്‌ വയനാട്ടിൽ സുഖചികിത്സക്കെത്തിയപ്പോൾ സഹായിച്ചതിനുള്ള പ്രത്യുപകാരമായാണ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ പദവി നൽകിയതെന്നാണ്‌ എ ഗ്രൂപ്പിന്റെ ആക്ഷേപം. പട്ടിക അട്ടിമറിച്ചതിനെതിരെ ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചനും പ്രതിഷേധത്തിലാണ്‌.  പനമരത്ത്‌ ജിൽസൺ തൂപ്പുംകരയെയും കൽപ്പറ്റയിൽ സുരേഷ്‌ ബാബുവിനെയും നിയമിച്ചതിലും അഭിപ്രായഭിന്നത രൂക്ഷമാണ്‌. ബ്ലോക്ക്‌ പ്രസിഡന്റ്‌ പദവിയിൽനിന്ന്‌ ജിൽസൺ തൂപ്പുംകരയെ നേരത്തെ നീക്കിയതാണ്‌. എഐസിസി സെക്രട്ടറിയുടെ നിർദേശം പാലിക്കാത്തതിനെ തുടർന്നായിരുന്നു നടപടി.  ജിൽസണെ വീണ്ടും പ്രസിഡന്റാക്കിയതിൽ ഭിന്നതയുണ്ട്‌. നിലവിൽ പ്രസിഡന്റ്‌ ചുമതല വഹിച്ചിരുന്ന കമ്മന മോഹനനെത്തന്നെ പ്രസിഡന്റാക്കണമെന്നതായിരുന്നു ഡിസിസിയുടെ നിർദേശം. ഇതും കെപിസിസി വെട്ടി. കൽപ്പറ്റയിൽ ഗിരീഷ്‌ കൽപ്പറ്റ പ്രസിഡന്റാകുമെന്നാണ്‌ പൊതുവിൽ കരുതിയിരുന്നത്‌. പി പി ആലി അടക്കമുള്ളവർ ഗിരീഷിനായി രംഗത്തുണ്ടായിരുന്നു. എന്നാൽ സുരേഷ്‌ ബാബുവിനെയാണ്‌ പ്രസിഡന്റാക്കിയത്‌. ഇതിലും നേതാക്കൾ ഇടഞ്ഞാണുള്ളത്‌. Read on deshabhimani.com

Related News