രോഷാഗ്നിയായി
എൽഡിഎഫ്‌ സത്യഗ്രഹം

വന്യമൃഗ ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട്‌ എൽഡിഎഫ്‌ കൽപ്പറ്റയിൽ നടത്തിയ കൂട്ട സത്യഗ്രഹം ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ ഉദ്‌ഘാടനം ചെയുന്നു


കൽപ്പറ്റ വന്യമൃഗശല്യത്താൽ‌ പൊറുതിമുട്ടുന്ന ജനതയുടെ വേദനയും കണ്ണീരും ‌ഏറ്റുവാങ്ങി  എൽഡിഎഫ്‌ ജില്ലാകമ്മിറ്റി നേതൃത്വത്തിൽ കൂട്ട സത്യഗ്രഹം. വന്യമൃഗശല്യത്തിന്‌ ശാശ്വതപരിഹാരം കാണുക, പൊതുപദ്ധതി തയ്യാറാക്കാൻ ജില്ലാ പഞ്ചായത്ത്‌ നേതൃത്വം നൽകുക, കാലഹരണപ്പെട്ട കേന്ദ്ര വനനിയമം ഭേദഗതി ചെയ്യുക,  വന്യമൃഗശല്യ നഷ്‌ടപരിഹാര തുക വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്‌. കടുവയും കാട്ടാനയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണം ജനങ്ങളുടെ ജീവനും സ്വത്തിനും വൻ ഭീഷണിയുർത്തുമ്പോഴാണ്‌ എൽഡിഎഫ്‌ സമരമുഖം തുറന്നത്‌. വനം  ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലുൾപ്പെട്ടിട്ടും  വിഷയത്തിൽ കേന്ദ്രസർക്കാർ തുടരുന്ന നിസ്സംഗസമീപനവും തുറന്നുകാട്ടിയായിരുന്നു  പ്രതിഷേധം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അധികൃതർ തയ്യാറാവുന്നില്ലെങ്കിൽ അതിശക്തമായ പ്രക്ഷോഭത്തിലേക്ക്‌ നീങ്ങുമെന്ന്‌ നേതാക്കൾ പ്രഖ്യാപിച്ചു.      കൽപ്പറ്റ വിജയപമ്പ്‌ പരിസരത്ത്‌ നടന്ന സത്യഗ്രഹം എൽഡിഎഫ് ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ ഉദ്ഘാടനംചെയ്തു. എൻസിപി സംസ്ഥാന സെക്രട്ടറി സി എം ശിവരാമൻ അധ്യക്ഷനായി.  സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, എൽഡിഎഫ്‌ നേതാക്കളായ വിജയൻ ചെറുകര, പി കെ മൂർത്തി, കെ ജെ ദേവസ്യ, എൻ ഒ ദേവസ്യ, വീരേന്ദ്രകുമാർ, ഷാജി ചെറിയാൻ, കുര്യാക്കോസ് മുള്ളൻമട, കെ പി ശശികുമാർ, കെ കെ ഹംസ, എ പി അഹമ്മദ്, രാധാകൃഷ്ണൻ, സണ്ണി മാത്യു എന്നിവർ സംസാരിച്ചു. സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു സ്വാഗതവും കൽപ്പറ്റ മണ്ഡലം കൺവീനർ കെ റഫീഖ് നന്ദിയും പറഞ്ഞു. തുടർ പ്രക്ഷോഭത്തിന്റെ ഭാഗമായി ഫെബ്രുവരി   അവസാനം പഞ്ചായത്തുകളിൽ  പ്രക്ഷോഭ പ്രചാരണ സദസ്സ് സംഘടിപ്പിക്കും.  ‘ഒരു വീട്ടിൽനിന്ന് ഒരു ഒപ്പ്’ ക്യാമ്പയിൻ നടത്തി പ്രധാനമന്ത്രിക്ക് നിവേദനം നൽകും.    Read on deshabhimani.com

Related News