തൊഴിലുറപ്പ്‌ തൊഴിലാളികളുടെ പോസ്റ്റ് ഓഫീസ്‌ മാർച്ച്‌ 12ന്‌



കൽപ്പറ്റ എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ 12ന് പകൽ പത്തിന് കൽപ്പറ്റ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് യൂണിയൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാരിന്റെ നിയമവിരുദ്ധ ഉത്തരവുകൾ പിൻവലിക്കുക, തൊഴിൽ ദിനങ്ങൾ 200 ആക്കുക, കൂലി 600 രൂപയായി വർധിപ്പിക്കുക, ജോലിസമയം രാവിലെ ഒമ്പതുമുതൽ നാലുവരെയാക്കുക, കൃഷിയും ക്ഷീരവികസനവും പദ്ധതിയിൽ ഉൾപ്പെടുത്തുക, നഗര തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുക, ഒരു പഞ്ചായത്തിൽ ഒരേസമയം 20 പ്രവർത്തികൾ മാത്രമേ പാടുള്ളൂ എന്ന നിബന്ധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ. ഇതിന് മുന്നോടിയായി ഏഴുമുതൽ 10 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമര പ്രചാരണ വാഹനജാഥയും നടത്തും. എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ ജില്ലാ സെക്രട്ടറി എ എൻ പ്രഭാകരൻ (ക്യാപ്റ്റൻ), ജില്ലാ പ്രസിഡന്റ്‌ എൽസി ജോർജ് (വൈസ്‌ ക്യാപ്റ്റൻ), ജില്ലാ ജോ. സെക്രട്ടറി ടി ജി ബീന (മാനേജർ) എന്നിവരാണ് ജാഥയെ നയിക്കുക. വെള്ളി വൈകിട്ട്‌ അഞ്ചിന് ചൂരൽമലയിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ജാഥ ഉദ്ഘാടനംചെയ്യും. പത്തിന് പകൽ അഞ്ചിന് കോറോത്ത് ജാഥ സമാപിക്കും. വാർത്താസമ്മേളനത്തിൽ എ എൻ പ്രഭാകരൻ, എൽസി ജോർജ്, എ വി ജയൻ, പി സി ഹരിദാസൻ എന്നിവർ പങ്കെടുത്തു.  ജാഥ റൂട്ട് 8 - വടുവഞ്ചാൽ, അമ്പലവയൽ, ചുള്ളിയോട്, ബത്തേരി, നായ്ക്കട്ടി, മുള്ളൻകൊല്ലി, പുൽപ്പള്ളി, കേണിച്ചിറ, മീനങ്ങാടി ( സമാപനം). 9 - വൈത്തിരി, പൊഴുതന, പിണങ്ങോട്, കാവുംമന്ദം, പടിഞ്ഞാറത്തറ, വെണ്ണിയോട്, കമ്പളക്കാട്, മുട്ടിൽ (സമാപനം).  10 -കാട്ടിക്കുളം, മാനന്തവാടി, തലപ്പുഴ, രണ്ടേനാല്‌, പനമരം, വെള്ളമുണ്ട, കോറോം (സമാപനം). Read on deshabhimani.com

Related News