ചികിത്സാ പിഴവ്‌: പതിനാല് 
വർഷത്തിനുശേഷം നഷ്ടപരിഹാരം



  കൽപ്പറ്റ  ഡോക്ടറുടെ ചികിത്സാ പിഴവ് കാരണം രക്താർബുദം ബാധിച്ച കുട്ടി മരിച്ച സംഭവത്തിൽ 14 വർഷത്തിനുശേഷം ഡോക്ടർ നഷ്ടപരിഹാരം നൽകി. മനുഷ്യാവകാശ കമീഷന്റെ ഇടപെടലിനെ തുടർന്നാണ്‌ നടപടി. രക്താർബുദം ബാധിച്ച് മരിച്ച പെൺകുട്ടിയുടെ അമ്മയായ കൽപ്പറ്റ കണിയാമ്പറ്റ സ്വദേശിനി മിനി ഗണേശിന്റെ പരാതിയിലാണ് 14 വർഷത്തിന്‌ ശേഷം ആശ്വാസം. ഹൈക്കോടതിയിലും മനുഷ്യാവകാശ കമീഷനിലും വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിന്‌ ഇതോടെ അവസാനമായി.  മിനിയുടെ മകൾ മരിച്ചതിനെ തുടർന്ന്‌  2008 ഡിസംബർ രണ്ടിനാണ്‌ 1,75,000 രൂപ നൽകണമെന്ന്‌  കമീഷൻ വിധിച്ചത്‌. ഇത്‌ നടപ്പാകാത്തതിനെ തുടർന്ന്‌ ജുഡീഷ്യൽ അംഗം കെ  ബൈജുനാഥിന്റെ അന്ത്യശാസനമുണ്ടായിരുന്നു.  തുടർന്ന്‌ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവ് നടപ്പാക്കി.   മിനി ഗണേശിന്റെ ഏഴ്‌ വയസ്സുണ്ടായിരുന്ന മകൾ അഞ്ജലി 2003 സെപ്‌തംബർ 21നാണ് മരിച്ചത്. 1996 ഡിസംബർ അഞ്ചിനാണ് രക്താർബുദത്തിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തുടങ്ങിയത്. ഡോ. പി എം കുട്ടിയാണ് ചികിത്സിച്ചത്. രോഗം മാറിയെന്നാണ് ഡോക്ടർ രക്ഷിതാക്കളെ ധരിപ്പിച്ചത്. 2002ൽ കുട്ടിയുടെ കാഴ്ച മങ്ങിത്തുടങ്ങി.  എന്നാൽ, ഇത് മൈഗ്രേനാണെന്ന് പറഞ്ഞ് ഡോക്ടർ  അതിനുള്ള ചികിത്സനൽകി. കാഴ്ച   പൂർണമായി കുറഞ്ഞപ്പോൾ കോയമ്പത്തൂരിലെയും ബംഗളൂരുവിലെയും ആശുപത്രികളാണ് കീമോ ചെയ്യാൻപോലും കഴിയാത്ത തരത്തിൽ അർബുദ രോഗം വ്യാപിച്ചതായി കണ്ടെത്തിയത്. കമീഷൻ അംഗമായിരുന്ന ജസ്റ്റിസ് വി പി മോഹൻകുമാറാണ്‌ ചികിത്സാ പിഴവ് കണ്ടെത്തി ഡോക്ടറിൽനിന്ന്‌ നഷ്ടപരിഹാരം ഈടാക്കി അമ്മയ്ക്ക് നൽകാൻ 2008 ൽ ഉത്തരവിട്ടത്‌. ഇതിനെതിരെ ഡോക്ടർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും 2021 ജൂൺ 21 ന്‌  അപ്പീൽ തള്ളി. എന്നിട്ടും നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്നാണ് മിനി ഗണേഷ് വീണ്ടും മനുഷ്യാവകാശ കമീഷനെ സമീപിച്ചത്.      സിറ്റിങ്‌ ഇന്ന് കൽപ്പറ്റ  മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ചൊവ്വ പകൽ 10.30ന് കൽപ്പറ്റ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ്‌ നടത്തും. Read on deshabhimani.com

Related News