ടൂറിസ്‌റ്റ്‌ ഹോമിൽ മധ്യവയസ്‌കന്റെ ആത്മഹത്യാ ഭീഷണി



കൽപ്പറ്റ പൊലീസിനെയും അഗ്നി രക്ഷാസേനയെയും മണിക്കൂറുകൾ മുൾമുനയിലാക്കി  ആത്മഹത്യാ ഭീഷണി. കൽപ്പറ്റ സിവിൽ സ്‌റ്റേഷനടുത്ത സ്വകാര്യ ടൂറിസ്‌റ്റ്‌ ഹോമിൽ മുറിയെടുത്ത കൊല്ലം പുനലൂർ സ്വദേശി രമേശനാണ് (48) ദേഹത്ത് മണ്ണെണ്ണയും പെട്രോളും ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ലോട്ടറി അടിച്ച ടിക്കറ്റ് ചിലർ  കൈക്കലാക്കിയെന്നും കേസിൽ നീതി ലഭിച്ചില്ലെന്നും ആരോപിച്ചായിരുന്നു പരാക്രമം.  ടൂറിസ്റ്റ് ഹോമിലെ ഒന്നാം നിലയിലെ മുറി അടച്ച്  കുറ്റിയിട്ട് ബാത്ത്‌റൂമിലെ വെന്റിലേറ്റർ വഴിയാണ്‌  ഭീഷണി മുഴക്കിയത്‌. മുറിക്കുള്ളിലെ  പുതപ്പിലും പെട്രോൾ ഒഴിച്ചിരുന്നു. കൈയിൽ റബ്ബർ ടാപ്പിങ്ങിന് ഉപയോഗിക്കുന്ന കത്തിയുമുണ്ടായിരുന്നു.  ആത്മഹത്യചെയ്യാൻ പോകുകയാണെന്ന്‌ ബുധൻ പകൽ പതിനൊന്നോടെ വയനാട് പ്രസ് ക്ലബ്ബിലേക്ക് ഫോൺ ചെയ്‌തു.  ജീവിതം മടുത്തെന്നും ടൂറിസ്‌റ്റ്‌ ഹോമിലെ  മുറിയിൽ  ജീവിതം അവസാനിപ്പിക്കുകയാണെന്നും  പറഞ്ഞു. വിവരം അറിയിച്ചതിനെ തുടർന്ന്  പൊലീസും അഗ്നിരക്ഷാ സേനയും  സ്ഥലത്തെത്തി.  മുറിയിൽനിന്നും പുറത്തിറങ്ങാൻ  ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല.  അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. കലക്ടറും ജില്ലാ പൊലീസ്‌ മേധാവിയും സ്ഥലത്തെത്തണമെന്നും ഇയാൾ ആവശ്യപ്പെട്ടു. പകൽ ഒന്നോടെ   തഹസിൽദാർ സ്ഥലത്തെത്തി സംസാരിച്ചെങ്കിലും പുറത്തിറങ്ങിയില്ല.  പിന്നീട് റൂമിലെ ജനൽ  തുറന്ന് സംസാരിക്കാൻ തുടങ്ങി. അഗ്നി രക്ഷാസേന ലാഡറിലുടെ ജനലിന്റെ അടുത്തോട്ട് കയറാൻ തുടങ്ങിയെങ്കിലും ആത്മഹത്യാ ഭീഷണി തുടർന്നു. ഇതിനിടെ  ഉദ്യോഗസ്ഥർ വാതിൽ ചവിട്ടി പൊളിച്ച്‌ ദേഹത്തേക്ക് വെള്ളം പമ്പുചെയ്‌ത്‌ പിടികൂടി.  കുതറി ഓടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.  പിന്നീട്‌ കൽപ്പറ്റ ജനറൽ ആശുപത്രിയിലേക്ക് മാറ്റി  ചികിത്സനൽകി. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ  വൈകിട്ട്‌ നാലോടെ കോഴിക്കോട്ടെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക്‌  കൊണ്ടുപോയി.  ചൊവ്വാഴ്‌ച രാത്രിയാണ്‌  ടൂറിസ്‌റ്റ്‌ ഹോമിൽ മുറിയെടുത്തത്‌.  വർഷങ്ങളായി ജില്ലയിൽ  താമസിച്ച്‌ വിവിധ ജോലികൾ ചെയ്യുന്നതായും വിവരമുണ്ട്. Read on deshabhimani.com

Related News