ഈ വർഷം ഒന്നിൽ 9519 വിദ്യാർഥികൾ



കൽപ്പറ്റ  ജില്ലയിൽ ഈ അധ്യയനവർഷം ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത്‌ 9519 വിദ്യാർഥികൾ. സർക്കാർ സ്‌കൂളുകളിൽ 4775  കുട്ടികളും എയ്‌ഡഡ്‌ വിദ്യാലയങ്ങളിൽ 4098 പേരും അൺ എയ്‌ഡഡ്‌ മേഖലയിൽ 646 പേരുമാണ്‌ പ്രവേശനം നേടിയത്‌. പട്ടികവർഗ വിഭാഗത്തിലെ 2322 വിദ്യാർഥികൾ ഒന്നാം ക്ലാസിൽ ചേർന്നു. നിയമസഭയിൽ ഒ ആർ കേളു എംഎൽഎയുടെ ചോദ്യത്തിന്‌ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ്‌ ഇക്കാര്യം അറിയിച്ചത്‌. സംസ്ഥാനത്താകെ 3,03,168 കുട്ടികൾ  ഒന്നാം ക്ലാസിലെത്തി. ജില്ലയിൽ മേപ്പാടി സെന്റ്‌ ജോസഫ്‌ യുപി സ്‌കൂളിലാണ്‌ ഒന്നാം ക്ലാസിൽ കൂടുതൽ വിദ്യാർഥികളെത്തിയത്‌. 67 ആൺകുട്ടികളും 94 പെൺകുട്ടികളുമുൾപ്പടെ 161 പേർ. കൽപ്പറ്റ എച്ച്‌ഐഎം യുപി സ്‌കൂളിൽ 159ഉം പനമരം ക്രസന്റിൽ  158 വിദ്യാർഥികളും ഒന്നാം ക്ലാസിൽ ചേർന്നു. സർക്കാർ സ്‌കൂളുകളിൽ  മീനങ്ങാടി ഗവ. എൽപിയിലാണ്‌ കൂടുതൽ പേരെത്തിയത്‌.  83 ആൺകുട്ടികളും 64 പെൺകുട്ടികളുമടക്കം  147 കുട്ടികൾ. പനമരം ജിഎൽപിഎസിൽ  110 പേർ പുതുതായി പ്രവേശനം നേടി.      പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സർക്കാർ വിദ്യാലയങ്ങളുടെ ഭൗതിക സൗകര്യങ്ങൾ വർധിച്ചതോടെ സർക്കാർ സ്‌കൂളുകളിൽ കൂടുതൽ പേർ എത്തുന്നുണ്ട്‌. 2015–-16 അധ്യയന വർഷം നാലായിരത്തോളം  കുട്ടികളാണ്‌ സർക്കാർ സ്‌കൂളുകളിൽ ഒന്നാം ക്ലാസ്‌ പ്രവേശനം നേടിയതെങ്കിൽ 2019-–-20 വർഷത്തിൽ 4598 കുട്ടികൾ എത്തി. ഈ വർഷം ഇത്‌ 4775 ആയി ഉയർന്നു.  ജില്ലയിലെ  മുഴുവൻ സർക്കാർ വിദ്യാലയങ്ങളിലും  ഹൈടെക് ക്ലാസ്‌ റൂമുകളും  ഹൈടെക് ലാബുകളുമുണ്ട്‌. അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌ ഉയർന്ന സ്‌കൂളുകൾക്കുപുറമെയുള്ള സ്‌കൂളുകളിൽ 263 ഹൈടെക് ലാബുകളും 155 ഹൈടെക് ക്ലാസ് മുറികളും ഒരുക്കിയിട്ടുണ്ട്‌. Read on deshabhimani.com

Related News