കാലവർഷം ശക്തമാകുന്നു; ആശങ്കയും



കൽപ്പറ്റ ജില്ലയിൽ കാലവർഷം ശക്തമാകുന്നു.  ജൂണിൽ മഴ കുറവായിരുന്നെങ്കിലും  ഈ മാസം ആരംഭത്തോടെതന്നെ മഴ ശക്തിപ്പെട്ടു. വരും ദിവസങ്ങളിലും കനത്ത മഴക്ക്‌ സാധ്യതയുള്ളതിനാൽ അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്‌. മഴ ശക്തമാവുമ്പോൾ 2018,  2019 വർഷങ്ങളിലെ പ്രളയത്തിന്റെ ഓർമയിലാണ്‌ ജില്ലക്കാർ. ഈ രണ്ട്‌ വർഷങ്ങളിലും ജൂലൈ അവസാനവും ആഗസ്‌തിലുമായിരുന്നു കനത്ത മഴ പെയ്‌തത്‌.     കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ കുറിച്യാർമലയിൽ മണ്ണിടിഞ്ഞിരുന്നു. ചിലയിടങ്ങളിൽ വീടുകളുടെ മതിലിടിഞ്ഞും കിണറിടിഞ്ഞും അപകടമുണ്ടായി.  ജൂൺ ഒന്നുമുതൽ 30 വരെയുള്ള കണക്കുപ്രകാരം ജില്ലയിൽ 279.4 മില്ലീമീറ്റർ മഴയാണ്‌ പെയ്‌തതെങ്കിൽ കഴിഞ്ഞ അഞ്ചുദിവസത്തിനുള്ളിൽ 197.7 മില്ലീമീറ്റർ മഴപെയ്‌തു. ചൊവ്വ രാവിലെ എട്ടുവരെയുള്ള 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ ഏറ്റവും കൂടുതൽ മഴ പെയ്‌തത്‌ മട്ടിലയത്താണ്‌. 132 മില്ലീമീറ്റർ. മക്കിയാട്‌ 103 മില്ലീമീറ്ററും എളമ്പിലേരിയിൽ 91 മില്ലീമീറ്ററും മഴപെയ്‌തു. മരക്കടവിലാണ്‌ കുറവ്‌ മഴ ലഭിച്ചത്‌. 8 മില്ലിമീറ്റർ.       മഴ തുടരുന്നത്‌ കണക്കിലെടുത്ത്‌ ദുരന്തസാധ്യതാമേഖലയായി കണ്ടെത്തിയ പ്രദേശങ്ങളിൽ പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്‌. ഇത്തരം സ്ഥലങ്ങളിൽ ജനങ്ങളെ ഒഴിപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ ക്യാമ്പുകളും ഒരുക്കുന്നുണ്ട്‌. താലൂക്ക്‌ തല കൺട്രോൾ റൂമുകൾ 24 മണിക്കൂറും സജ്ജമാക്കിയിട്ടുണ്ട്‌. തദ്ദേശസ്ഥാപനാടിസ്ഥാനത്തിലും കൺട്രോൾ റൂം തുറക്കാൻ തീരുമാനമായിട്ടുണ്ട്‌.    Read on deshabhimani.com

Related News