അടച്ചിട്ട വീടുകളിൽ കവർച്ച നടത്തിയ 4 അസം സ്വദേശികൾ പിടിയിൽ



 ബത്തേരി അടച്ചിട്ട വീടുകൾ കുത്തിത്തുറന്ന്‌ മോഷണം നടത്തുന്ന ഇതര സംസ്ഥാനക്കാരായ നാലുപേരെ ബത്തേരി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. നാലുപേരും അസം സ്വദേശികളാണ്‌.  മുലാൽ അലി (23), ഇനാമുൽ ഹഖ്‌ (25), നൂർജമാൽ അലി (23), മൊഹിജുൽ ഇസ്ലാം (22) എന്നിവരാണ്‌ ഡിവൈഎസ്‌പി കെ കെ അബ്ദുൾ ഷെരീഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ പിടിയിലായത്‌. പുൽപ്പള്ളി, നൂൽപ്പുഴ പൊലീസ്‌ സ്‌റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഏപ്രിലിൽ  നടത്തിയ അഞ്ച്‌ മോഷണക്കേസുകളിലെ പ്രതികളാണിവർ.  അസം, അരുണാചൽ പ്രദേശ്‌ സംസ്ഥാനങ്ങളിൽ നിന്നാണ്‌ പ്രതികളെ പൊലീസ്‌ സംഘം സാഹസികമായി പിടികൂടിയത്‌. പുൽപ്പള്ളി, ആനപ്പാറ, പഴശ്ശിരാജ കോളേജ്‌ പരിസരം എന്നിവിടങ്ങളിലെ മൂന്ന്‌ കേസിലും പൂളക്കുണ്ട്‌, മാടക്കര എന്നിവിടങ്ങളിലെ രണ്ട്‌ കേസുകളിലുമാണ്‌ പ്രതികളുടെ അറസ്‌റ്റ്‌. അഞ്ചിടങ്ങളിൽ നിന്നായി അമ്പതോളം പവനും ഒരു ലക്ഷത്തിലേറെ രൂപയുമാണ്‌ കവർന്നത്‌. ആൾതാമസമില്ലാത്ത വീടുകൾ കണ്ടുവച്ച്‌ പകൽനേരത്തായിരുന്നു സംഘത്തിന്റെ കവർച്ച. മോഷണത്തിന്‌ ശേഷം പ്രതികൾ അസമിലേക്കും പിന്നീട്‌ അരുണാചലിലേക്കും കടക്കുകയായിയിരുന്നു. സൈബർസെല്ലിന്റെ സഹായത്തോടെയാണ്‌ പ്രതികളെ പിടികൂടിയത്‌. ബത്തേരി സിജെഎം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ ചെയ്‌തു. Read on deshabhimani.com

Related News