വെങ്ങപ്പള്ളിയുടെ ഹരിത ഹൃദയം

വെങ്ങപ്പള്ളി പഞ്ചായത്തിലെ ചോലപ്പുറം പച്ചത്തുരുത്ത് ഫോട്ടോ: എം എ ശിവപ്രസാദ്


വൈത്തിരി മലയിലൂടെ കുത്തിയൊലിച്ചിറങ്ങി തെല്ലൊരാലസ്യത്തോടെ ഒഴുകുന്ന എടത്തറപ്പുഴ. ഓളങ്ങളുടെ താളത്തിൽ ആടിയുലഞ്ഞ് തീരത്തോട് സല്ലപിക്കുന്ന കെട്ടുവള്ളം. നീണ്ടുകിടക്കുന്ന തീരത്ത് മുളങ്കാടുകൾ തീർത്ത തണൽപ്പന്തൽ. വാനിൽനിന്നടരുകളായ് പൊഴിയുന്ന കിളിക്കൊഞ്ചൽ. വശ്യമായൊരനുഭൂതി നൽകുകയാണ് എടത്തറപ്പുഴയോരത്തെ പച്ചത്തുരുത്ത്. നഷ്ടമാകുന്ന പ്രകൃതിഭംഗി വീണ്ടെടുക്കാനായി 2019ലാണ് വെങ്ങപ്പള്ളി ​പഞ്ചായത്ത് ചോലപ്പുറം–ഹൈസ്കൂൾ കുന്ന് റോഡരികിൽ രണ്ടരയേക്കർ സ്ഥലത്ത് തുരുത്ത് നിർമിക്കുന്നത്. ഹരിത കേരളം മിഷന്റെ സഹായത്തോടെയായിരുന്നു പരിസ്ഥിതി സൗഹൃദ തുരുത്ത് നിർമാണം.  ശീമക്കൊന്ന ചെടികളുടെ കവചത്തിൽ പരന്നുകിടക്കുന്ന തുരുത്തിൽ മുളകൾ വച്ചുപിടിപ്പിച്ചു. മാവ്, പ്ലാവ്, പേര, ഓട, കരിമരുത്, അവക്കാടോ തുടങ്ങിയവയും നട്ടുവളർത്തി. ഇടതൂർന്ന് വളർന്ന മുളങ്കാടുകൾക്കിടയിലൂടെ പ്രകൃതിയുടെ മാറിലേക്ക് നീളുന്ന ഇടവഴികൾ. വെട്ടിയൊതുക്കിയ മൺതിട്ടയിൽ മുളകൊണ്ട് തീർത്ത ഇരിപ്പിടങ്ങൾ. പുഴകടക്കാൻ തോണി. ശാന്തമായൊരന്തരീക്ഷമാ​ഗ്രഹിച്ചിറങ്ങുന്നവരുടെ വഴി ഇവിടേക്ക് നീളുമെന്ന് തീർച്ച.  തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തിയാണ് തുരുത്ത് സംരക്ഷിക്കുന്നത്. പുഴയ്ക്കക്കരെ പുതിയ തുരുത്തിനായി മുളകൾ നട്ടുവളർത്തുന്നുണ്ട്. സമീപത്ത് വേറെയും തുരുത്ത് സൃഷ്ടിക്കാനും പദ്ധതിയുണ്ട്. വേനലവധിക്കാലത്ത് നിരവധി ആളുകൾ ഇവിടെ സന്ദർശകരായെത്തി. ഒരു പരിസ്ഥിതിസൗഹൃദ വിനോദസഞ്ചാര കേന്ദ്രമാക്കി വെങ്ങപ്പള്ളി തുരുത്തിനെ മാറ്റുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം. കയാക്കിങ്, നൈറ്റ് ടൂറിസം എന്നിവയും ആലോചനയിലുണ്ട്. തുരുത്തിലേക്ക് വൈദ്യുതിയെത്തിക്കാനുള്ള പദ്ധതികളും ആവിഷ്കരിച്ചു. കൂടുതൽ സഞ്ചാരികളെത്തുന്നത് പ്രദേശവാസികൾക്കും ​ഗുണകരമാകും.  മഴക്കാലം വെള്ളപ്പൊക്കത്തെ അതിജീവിച്ചാണ് വെങ്ങപ്പള്ളി തുരുത്തിന്റെ ഈ ഹരിതവിപ്ലവം. മരങ്ങൾ നട്ടുപിടിപ്പിച്ചതോടെ പുഴയോരത്തെ മണ്ണിടിച്ചിൽ ഇല്ലാതായെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം നാസർ സാക്ഷ്യപ്പെടുത്തുന്നു. പ്രകൃതിയിലേക്കുള്ള ആപൽക്കരമായ കടന്നുകയറ്റങ്ങൾക്കെതിരെയുള്ള പ്രതിരോധമാണ് ഇത്തരം തുരുത്തുകൾ.  ഈ പരിസ്ഥിതി ദിനത്തിൽ വെങ്ങപ്പള്ളിയുടെ മാതൃകാ പച്ചത്തുരുത്ത് ഓരോ നാട്ടുവഴിവക്കിലും യാഥാർഥ്യമാക്കാവുന്നതാണ്.    Read on deshabhimani.com

Related News