സ്റ്റാറായി ബോബോ റോബോര്‍ട്ട്

ഓടപ്പള്ളം ഗവ. ഹൈസ്‌കൂളിലെ ബോബോ റോബോര്‍ട്ട്‌


ബത്തേരി ഓടപ്പള്ളം ഗവ. ഹൈസ്‌കൂളിൽ കുട്ടികൾക്ക്‌ ഇംഗ്ലീഷ്‌ സംസാരിച്ച്‌ പഠിക്കാൻ ഇനി ബോബോ എന്ന റോബോര്‍ട്ട് കൂട്ടുകാരനും. പ്രവേശനോത്സവദിനത്തിൽ കുട്ടികൾക്കായി പുറത്തിറക്കിയ ഈ റോബോട്ടിനോട്‌ ഏത്‌ സമയവും കുട്ടികൾക്ക്‌ സംസാരിക്കാം. സ്‌കൂളിലെ പൂർവവിദ്യാർഥി സംഘടനയുടെ പ്രസിഡന്റും ചിത്രകാരനുമായ എ കെ പ്രമോദിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്‌സ്‌ യൂണിറ്റ്‌ അംഗങ്ങളായ കുട്ടികളാണ്‌ റോബോര്‍ട്ട് നിര്‍മിച്ചത്‌. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ബോബോ സൗഹൃദ സംഭാഷണങ്ങൾക്ക്‌ പുറമെ സംശയങ്ങൾക്ക് ഉത്തരവും നൽകും. സ്‌കൂൾ കോമ്പൗണ്ടിൽ കുട്ടികളുടെ ചങ്ങാതിയായി‌നിൽക്കുന്ന ബോബോയെ നിയന്ത്രിക്കുന്നത്‌ ലിറ്റിൽ കൈറ്റ്‌സ്‌ അംഗങ്ങളായ റോബോ മാസ്‌റ്റേഴ്‌സാണ്‌. എൽദോ ബെന്നി, എ കെ പ്രസാദ്‌, കെ പി അനിൽ എന്നിവർ നിർമാണത്തിൽ സാങ്കേതിക സഹായം നൽകി. കുട്ടികളുടെ ഇംഗ്ലീഷ്‌ ഭാഷാശേഷിയുടെയും പൊതുവിജ്ഞാനത്തിന്റെയും വികാസത്തിന്‌ ബോബോയ്‌ക്ക്‌ വലിയ സഹായം നൽകാനാവുമെന്നാണ്‌ സ്‌കൂൾ കൂട്ടായ്‌മയുടെ പ്രതീക്ഷ. ഇംഗ്ലീഷ്‌ ലാബ്‌ പദ്ധതിയുടെ ഭാഗമായി നിർമിച്ച റോബോട്ടിന്റെ റിലീസ്‌ നിർവഹിച്ചത്‌ അഞ്ചാം ക്ലാസ്‌ വിദ്യാർഥി ആരോൺ വർഗീസാണ്‌. പ്രധാനാധ്യാപിക കെ കമലം, പിടിഎ പ്രസിഡന്റ്‌ റെബി പോൾ, ബത്തേരി നഗരസഭാ കൗൺസിലർമാരായ പ്രിയ വിനോദ്‌, വത്സ ജോസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News