പ്രത്യേക അന്വേഷകസംഘം 
ഇന്ന്‌ പുൽപ്പള്ളി സഹ. ബാങ്കിൽ



  കൽപ്പറ്റ പുൽപ്പള്ളി സർവീസ്‌ സഹകരണ ബാങ്കിൽ നടന്ന വായ്‌പാ തട്ടിപ്പ്  അന്വേഷിക്കുന്നതിന്‌ രൂപീകരിച്ച പ്രത്യേക സംഘം തിങ്കളാഴ്‌ച ബാങ്കിൽ പരിശോധന നടത്തും. സഹകരണ സംഘം രജിസ്‌ട്രാർ  ഓഫീസിലെ  ഡെപ്യൂട്ടി രജിസ്‌ട്രാർ ടി അയ്യപ്പൻനായരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ മുഴുവൻ വായ്‌പാ ഇടപാടുകളും പരിശോധിക്കുക. സംസ്ഥാന സഹകരണ രജിസ്‌ട്രാറുടെ ഉത്തരവ്‌ പ്രകാരമാണ്‌ സംഘമെത്തുന്നത്‌.  2016–- 17 വരെയുള്ള വായ്‌പകളിലാണ്‌  കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന കെ കെ അബ്രഹാമിന്റെ നേതൃത്വത്തിൽ വൻ ക്രമക്കേട്‌  നടത്തിയതായി സഹകരണ  ഓഡിറ്റിങ്ങിലും വിജിലൻസ്‌ അന്വേഷണത്തിലും  കണ്ടെത്തിയത്‌.  അന്വേഷണത്തിന്‌ ശേഷം നടത്തിയ  വായ്‌പാ വിതരണത്തിലും ഗുരുതര ക്രമക്കേട്‌ നടന്നതായി ജോയിന്റ്‌ രജിസ്‌ട്രാർ റിപ്പോർട്ട്‌ നൽകിയിരുന്നു.  ഈ  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ 2017–-18 മുതൽ 2022–-23 വരെയുള്ള ഇടപാടുകളെ സംബന്ധിച്ച്‌   സമഗ്രമായി അന്വേഷിക്കാൻ ഉത്തരവായത്‌.   ഇതുവരെ വിതരണംചെയ്‌ത വായ്‌പകൾ സംബന്ധിച്ചും  ആസ്‌തി ബാധ്യതകൾ സംബന്ധിച്ചും   പൊതുഫണ്ടിൽനിന്നും സഹകരണ നിയമങ്ങൾക്കും  സർക്കുലർ നിർദേശങ്ങൾക്കും വിരുദ്ധമായും സഹകരണ സംഘം രജിസ്‌ട്രാറുടെ  അനുമതിയില്ലാതെ തുക ചെലവഴിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കും. പരിശോധനാ റിപ്പോർട്ട്‌ ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കി സഹകരണ സംഘം രജിസ്‌ട്രാർക്ക്‌ സമർപ്പിക്കാനാണ്‌ നിർദേശം.   അസി. രജിസ്‌ട്രാർ എസ്‌ എൽ അരുൺ, രാജാറാം,  പി ജ്യോതിഷ്‌കുമാർ, എം ബബീഷ്‌ എന്നിവരും സംഘത്തിലുണ്ടാവും. Read on deshabhimani.com

Related News