വായ്‌പാ തട്ടിപ്പ്‌: കൂടുതൽ കോൺഗ്രസ്‌ നേതാക്കൾക്കെതിരെ പരാതി



പുൽപ്പള്ളി പുൽപ്പള്ളി സഹകരണ ബാങ്കിലെ വായ്‌പാ തട്ടിപ്പിൽ കൂടുതൽ കോൺഗ്രസ്‌ നേതാക്കൾക്കെതിരെ പരാതി. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ വി എം പൗലോസിനെതിരെ ആലൂർകുന്ന്‌ സ്വദേശിനി പുല്‍പ്പള്ളി പൊലീസിൽ പരാതി നൽകി‌. ബാങ്ക്‌ മുൻ പ്രസിഡന്റ് കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന കെ കെ അബ്രഹാമിനൊപ്പം വിജിലൻസ്‌ എടുത്ത കേസിലും പൗലോസ് പ്രതിയാണ്‌‌. പരാതിക്കാരിയുടെ  ഭർത്താവിന്റെ പേരില്‍ ഭർതൃസഹോദരനും ബാങ്ക്‌ ഭരണസമിതി അംഗവുമായ പൗലോസ്‌ വൻതുക വായ്‌പ എടുക്കുകയായിരുന്നു. തറവാട്‌ വീട്‌ പണയപ്പെടുത്തിയാണ് പൗലോസ്‌ രണ്ട്‌ ഗഡുക്കളായി വയ്‌പയെടുത്തത്.‌ യുവതിയുടെ ഭർത്താവ്‌ മൂന്നുവർഷംമുമ്പ്‌ മരിച്ചു. 46 ലക്ഷം രൂപ അടയ്‌ക്കണമെന്നാണ് ബാങ്കിൽനിന്ന്‌ അറിയിപ്പ്‌ ലഭിച്ചത്. തങ്ങൾ കൈപ്പറ്റാത്ത തുക അടയ്‌ക്കാൻ നിർവാഹമില്ലെന്ന്‌ രണ്ട്‌ മക്കളുടെ അമ്മയായ യുവതി പറയുന്നു. ഭർത്താവിന്റെ പേരിലെടുത്ത വായ്‌പ ആരുടെ അക്കൗണ്ടിലേക്കാണ്‌ പോയതെന്ന്‌ കണ്ടെത്തണമെന്നും പരാതിയിലുണ്ട്. തട്ടിപ്പിനിരയായ കൂടുതല്‍ പേര്‍ പരാതി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. 2015 മുതൽ 2018 വരെ 42 വായ്‌പകളിലായി 5.62 കോടി രൂപയുടെ തട്ടിപ്പ്‌ നടന്നതായി വിജിലൻസ്‌ കുറ്റപത്രത്തിലും വ്യക്തമാക്കിയിരുന്നു. Read on deshabhimani.com

Related News