ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയില്‍ കാത്ത്‌ലാബ് മൂന്ന് മാസത്തിനകം



  മാനന്തവാടി ​വയനാട് ഗവ. മെഡിക്കല്‍ കോളേജിലെ കാത്ത് ലാബ് മൂന്ന് മാസത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങും. വെള്ളിയാഴ്ച ചേര്‍ന്ന ആശുപത്രി വികസന സമിതി (എച്ച്ഡിസി) യോ​ഗത്തിലാണ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ധാരണയായത്. കാത്ത്‌ ലാബിന്റെ പണി ആഗസ്‌തിൽ പൂർത്തിയാക്കുമെന്നാണ് കെഎംസിഎൽ അറിയിച്ചത്. മെഷീനുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി പുരോ​ഗമിക്കുകയാണ്. രണ്ട് ഹൃദ്രോഗ വിദഗ്ധരെ നിയമിക്കാനും തീരുമാനമായി. ഒരുമാസത്തിനകം ആശുപത്രിയിൽ ഹൃദ്രോഗവിഭാഗം ഒപി ആരംഭിക്കും. ആദ്യഘട്ടം ആഴ്ചയിൽ മൂന്ന് ദിവസം ഒപി സേവനം ലഭിക്കും. വയനാട് പാക്കേജിൽ ഉൾപ്പെടുത്തി അഞ്ചരക്കോടി രൂപയുടെ ഉപകരണങ്ങൾ വാങ്ങാനുള്ള അനുമതിയും തേടിയിട്ടുണ്ട്. അനുമതി ലഭിച്ചാൽ ബഹുനിലകെട്ടിടം വേഗത്തിൽ പ്രവർത്തനസജ്ജമാകും. യോഗത്തിൽ കലക്ടർ ഡോ. രേണുരാജ് അധ്യക്ഷയായി. ഒ ആർ കേളു എംഎൽഎ, ആരോഗ്യമന്ത്രിയുടെ പ്രതിനിധി പി ഗഗാറിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും എച്ച്ഡിസി അംഗവുമായ ജസ്റ്റിൻ ബേബി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. കെ മുഹമ്മദ് അഷ്‌റഫ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി പി രാജേഷ്, ലേ സെക്രട്ടറി പ്രവീൺ കുമാർ, നഴ്‌സിങ് സൂപ്രണ്ട് ത്രേസ്യ പാറയ്ക്കൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News