വന്യമൃഗശല്യം പ്രതിരോധിക്കാൻ പദ്ധതി



കൽപ്പറ്റ  വന്യമൃഗശല്യം ജനജീവിതം താറുമാറാക്കിയ വയനാടിന്‌ പ്രതീക്ഷയേകി ബജറ്റ്‌. വന്യമൃഗങ്ങൾ വനാതിർത്തികൾ ലംഘിച്ച് കിലോമീറ്ററുകൾ അകലെ പട്ടണപ്രദേശങ്ങളിലേക്കുപോലും എത്തുകയാണ്‌. കാട്ടുപന്നി, ആന, മുള്ളൻപന്നി, പുലി, കടുവ ഉൾപ്പെടെയുള്ള വന്യജീവികൾ നാടിന്‌ ഭീഷണിയാണ്. വന്യജീവികൾ നാട്ടിലിറങ്ങുന്നതിനുള്ള കാരണം കണ്ടെത്തി ശാസ്‌ത്രീയമായി പ്രതിരോധം തീർക്കുന്നതിനാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്‌.  വനം വന്യജീവി മേഖലയുടെ വികസനത്തിന്‌ 241.66 കോടി രൂപയാണ്‌ ബജറ്റിലെ വിഹിതം. ഇതിന്റെ ഏറിയ പങ്കും ജില്ലയ്‌ക്ക്‌ ലഭിക്കും. വയനാടിന്റെ 35 ശതമാനത്തോളം വനമാണ്‌. കാടും നാടും വേർതിരിക്കുന്ന പ്രവർത്തനങ്ങൾക്ക്‌ പ്രാമുഖ്യം നൽകാനാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്‌. വന്യമൃഗശല്യം തടയാൻ മാത്രം 50.85 കോടി രൂപ അനുവദിക്കുന്നത്‌ ഏറെ ആശ്വാസമാകും.  വന്യജീവി ആക്രമണങ്ങളുടെ നഷ്ടപരിഹാരം വർധിപ്പിക്കുന്നതിനും റാപ്പിഡ് റെസ്‌പോൺസ് ടീമുകൾ താൽക്കാലികമായി രൂപീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന വാഗ്‌ദാനവും പ്രതീക്ഷ നൽകുന്നതാണ്‌.  ഇതിനുള്ള 30.85 കോടി രൂപ ഉൾപ്പെടെയാണ്‌ 50.85 കോടി സർക്കാർ വകയിരുത്തിയത്‌. വനത്തിന്റെ സ്വാഭാവികത നഷ്ടമാകുകയും ജലലഭ്യത ഇല്ലാതാകുകയും ചെയ്‌തതാണ്‌ മൃഗങ്ങൾ നാട്ടിലിറങ്ങാൻ കാരണം. വനത്തിനുള്ളിൽ ജലലഭ്യത ഉറപ്പാക്കാനും ശാസ്‌ത്രീയ വന മാനേജ്‌മെന്റിനും 50 കോടി രൂപ മാറ്റിവച്ചത്‌ ഈ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാൻ സഹായകമാകും.  വനസംരക്ഷണത്തിന്‌ 26 കോടിയും വനാതിർത്തി നിർണയത്തിന്‌ 28 കോടിയും കർഷകർക്ക്‌ ഏറെ പ്രതീക്ഷ നൽകുന്നതാണ്‌. ജില്ലയിലെ വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ നവീകരണത്തിനും സഹായം ലഭിക്കും.   Read on deshabhimani.com

Related News