വയോധികന്റെ ആത്മഹത്യാ ശ്രമം തടഞ്ഞ്‌ അഗ്നിരക്ഷാസേന



ബത്തേരി മദ്യലഹരിയിൽ വീടിന്റെ അടച്ചിട്ട മുറിയിൽ സിലിണ്ടറിൽ നിന്നും പാചക ഗ്യാസ്‌ തുറന്നുവിട്ട്‌ കൈയിൽ തീപ്പെട്ടിയുമായി ആത്മഹത്യാ ഭീഷണി മുഴക്കിയ വയോധികനെ ബത്തേരി അഗ്നിരക്ഷാസേന  മുറിയുടെ വാതിൽ തകർത്ത്‌ രക്ഷിച്ചു. കേണിച്ചിറ പൊലീസ്‌ സ്‌റ്റേഷൻ പരിധിയിലെ താഴമുണ്ട മണൽവയൽ സ്വദേശിയായ എഴുപത്തിനാലുകാരനാണ്‌ വെള്ളി വൈകിട്ട്‌ ആത്മഹത്യാ ഭീഷണി മുഴക്കിയത്‌. തന്റെ അനുവാദം കൂടാതെ ഭാര്യ ധ്യാനയോഗത്തിന്‌ പോയതിലുള്ള പ്രതിഷേധത്തിലാണ്‌  ഭാര്യ തിരിച്ചു വന്നപ്പോൾ വയോധികൻ വാർപ്പ്‌ വീടിന്റെ മുറിക്കകത്ത്‌ കയറി കുറ്റിയിട്ട്‌ സിലിണ്ടറിൽ നിന്നും ഗ്യാസ്‌ തുറന്നുവിട്ട്‌ തീപ്പെട്ടിയുമായി ആത്മഹത്യാ ഭീഷണി മുഴക്കിയത്‌. ബത്തേരിയിൽ നിന്നും എത്തിയ സ്‌റ്റേഷൻ അസി. ഓഫീസർ പി കെ ഭരതന്റെ നേതൃത്വത്തിലുള്ള അഗ്നിശമനസേന മുറിയുടെ പുറക്‌ വശത്തെ വാതിലിലേക്ക്‌ വെള്ളം പമ്പ്‌ ചെയ്‌തതിനൊപ്പം വാതിൽ ചവിട്ടിപ്പൊളിച്ചാണ്‌ അകത്ത്‌ കയറി വയോധികനെ പുറത്തെത്തിച്ചത്‌. ശക്തമായി ചീറ്റിയ വെള്ളത്തിൽ വയോധികന്റെ കൈയിലുള്ള തീപ്പെട്ടി ദൂരേക്ക്‌ തെറിച്ചു. ബലപ്രയോഗത്തിൽ കീഴ്പ്പെടുത്തിയ ഇയാളെ പിന്നീട്‌ പുറത്തുണ്ടായിരുന്ന കേണിച്ചിറ പൊലീസിന്‌ കൈമാറി. Read on deshabhimani.com

Related News