വോട്ടു‌പെട്ടിയുടെ ഓർമയിൽ



  കൽപ്പറ്റ ‘അന്നൊക്കെ ഓരോ പാർടിക്കും ഓരോ പെട്ടിയുണ്ടാകും. പെട്ടിയുടെ മുകളിൽ തെരഞ്ഞെടുപ്പ്‌ ചിഹ്‌നവും. വോട്ടിലൊക്കെ കുറേ കൃത്രിമവും നടക്കും.,, പ്രായം 80 പിന്നിട്ടെങ്കിലും   വൈത്തിരി പറമ്മൽ ആലിയുടെ  ഓർമകളിൽ ഒരു തെരഞ്ഞെടുപ്പ്‌ കാലത്തിന്റെ ആവേശം ഇരമ്പിയെത്തി.   പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ മത്സരിച്ച്‌ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചതും   ആദ്യ കാല കമ്യൂണിസ്‌റ്റ്‌ പോരാളിയുടെ ഓർമകളിലെ മറക്കാത്ത ഏടുകളിലൊന്ന്‌.  വയനാട്‌ എസ്‌റ്റേറ്റ്‌ ലേബർ യൂണിയൻ വൈസ്‌ പ്രസിഡന്റും സിപിഐ എം വൈത്തിരി ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന പറമ്മൽ ആലി വളരെ കൗതുകത്തോടെയാണ്‌ ന്യൂജൻ കാലത്തെ തെരഞ്ഞെടുപ്പിനെ വീക്ഷിക്കുന്നത്‌. 1980ലെ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ പൊഴുതന സുഗന്ധഗിരി വാർഡിൽ  മത്സരിച്ചു. അന്ന്‌ 5 പേരായിരുന്നു    എതിർത്തത്‌. എന്നിട്ടും വലിയ ഭൂരിപക്ഷത്തിൽ ജയിച്ചു. അന്നൊക്കെ മെമ്പർക്ക്‌ വലിയ അധികാരമൊന്നും ഉണ്ടായിരുന്നില്ല. യോഗം ചേർന്നാൽ 75 രൂപ സിറ്റിങ്‌ അലവൻസ്‌ കിട്ടും. ഇന്നത്തെ മാതിരിയല്ല. വോട്ടർമാരെ കാണാൻ കുന്നും മലയും കയറണം. പക്ഷേ നാടുമായി വലിയ ബന്ധമുള്ളവരെയേ  മത്സരിപ്പിക്കാറുള്ളൂ.  1950 ൽ  മറ്റ്‌ പലരെയും പോലെ ജീവിത മാർഗം തേടിയാണ്‌  മലപ്പുറത്ത്‌ നിന്നും  ‌ ആലിയും ചുരം കയറിയത്‌.  പല ജന്മിമാരുടെ എസ്‌റ്റേറ്റുകളിലും മാറി മാറി  ജോലി ചെയ്‌തു.   പിണങ്ങോട്‌‌  താന്നിയേരി എസ്‌റ്റേറ്റിൽ  ജോലി ചെയ്യുമ്പോഴാണ്‌    തൊഴിലാളികൾ കൂലി വർധനക്ക്‌ വേണ്ടി സമരം തുടങ്ങിയത്‌. ട്രേഡ്‌ യൂണിയൻ നേതാക്കളായിരുന്ന പി ശങ്കർ, കെ പത്മനാഭൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ തൊഴിലാളികൾ സംഘടിച്ചത്‌. നേതാക്കളുടെ പ്രസംഗങ്ങൾ തൊഴിലാളികളെ  അവകാശബോധമുള്ളവരാക്കി. ആലിയും തൊഴിലാളി പ്രസ്ഥാനത്തോടൊപ്പം ചേർന്നു. തോട്ടം തൊഴിലാളികളെ  സംഘടിപ്പിച്ചുള്ള പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി. വയനാട്‌ എസ്‌റ്റേറ്റ്‌ ലേബർ യൂണിയൻ   വൈസ്‌പ്രസിഡന്റ്‌, സിപിഐ എം വൈത്തിരി ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിൽ  പ്രവർത്തിച്ചു.  മിച്ച ഭൂമി സമരത്തിന്‌ നേതൃത്വം നൽകിയതും  മാനേജ്മെന്റ്‌ പിരിച്ചുവിട്ടതും സമരജീവിതത്തിന്റെ അവിസ്‌മരണീയ ഏടുകൾ.   Read on deshabhimani.com

Related News