രോഗികളുടെ വർധന അതീവ ജാഗ്രത വേണം -; ആരോഗ്യവകുപ്പ്



  കൽപ്പറ്റ ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. വിനോദസഞ്ചാരികളുടെ ക്രമാതീതമായ വർധനവും കോവിഡ് ചട്ടങ്ങൾ പാലിക്കാതെയുളള തെരഞ്ഞെടുപ്പ് പ്രചാരണവും രോഗവ്യാപനത്തിന് ആക്കം കൂട്ടുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം ഇരട്ടിയിലധികം വർധിക്കുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രതയാണ് ആവശ്യം. ആശുപത്രികളിൽ വയോജനങ്ങളുടെയും ജീവിതശൈലിരോഗങ്ങൾ ഉള്ളവരുടെയും ഐസിയു പ്രവേശനം കൂടുകയാണ്. ഇത് മരണ നിരക്ക് കൂടാൻ ഇടയാക്കും. ജില്ലയിൽ വരുന്ന വിനോദസഞ്ചാരികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന സ്ഥാനാർഥികളും പ്രവർത്തകരും കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ആർ രേണുക അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്  വീടുകളിൽ സന്ദർശനം നടത്തുന്ന സ്ഥാനാർഥികളും പ്രവർത്തകരും  പ്രായമായവരുമായോ  മറ്റ് രോഗങ്ങൾ ഉള്ളവരുമായോ യാതൊരുവിധ സമ്പർക്കവും ഉണ്ടാവാൻ പാടില്ല.  ആദിവാസി കോളനികളിൽ സന്ദർശനം നടത്തുന്ന സ്ഥാനാർഥികളും പ്രവർത്തകരും കൂടുതൽ ജാഗ്രത പാലിക്കണം. മാസ്‌ക് ശരിയായ രീതിയിൽ ധരിക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക, മറ്റുള്ളവരിൽ നിന്ന് രണ്ടു മീറ്ററെങ്കിലും അകലം പാലിക്കുക എന്നീ മുൻകരുതലുകളിൽ വീഴ്ച വരുത്താൻ പാടില്ല. ആശുപത്രികളിലെ തിരക്കു കുറയ്ക്കുന്നതിന് വേണ്ടി ലക്ഷണങ്ങൾ ഇല്ലാത്ത  പോസിറ്റീവായ  ആളുകൾ വീടുകളിൽ തന്നെ ചികിത്സയിൽ കഴിയുന്നതാണ് നല്ലത്. അവർ കൃത്യമായി സമ്പർക്കരഹിത നിരീക്ഷണം പാലിക്കേണ്ടതും വീടുകളിൽ പോസിറ്റീവ് അല്ലാത്ത ആളുകൾക്ക് രോഗം പിടിപെടാൻ ഇടയാകാതെ  നോക്കേണ്ടതാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.   Read on deshabhimani.com

Related News