‘സർക്കാർ കിടപ്പാടവും ജീവിതവും തിരികെ തന്നു’



കൽപ്പറ്റ ‘‘കിടപ്പാടവും  ജീവിതവുമാണ്‌ സർക്കാർ തിരികെ തന്നത്‌. ബാങ്കിൽ പണയപ്പെടുത്തിയ ആധാരം  സി കെ ശശീന്ദ്രൻ സാറ്‌ വീട്ടിലേക്ക്‌ കൊണ്ട്‌ തന്നു. അപ്പോ ഉണ്ടായ സുരക്ഷിത ബോധം , സന്തോഷം. ..... ഒരിക്കലും മറക്കില്ല.  പറക്കമുറ്റാത്ത മക്കളെയും തന്നെയും  ജീവിത വഴിയിൽ തനിച്ചാക്കി ഉറ്റവൻ യാത്രയായപ്പോൾ  കൂടെ നിന്ന്‌ സംരക്ഷി്ച്ച  സർക്കാരിന്റെ കരുതലിൽ    ജെന്നീഫ വികാരാധീനയായി.  കട ബാധ്യത  മുഴുവൻ ഏറ്റെടുത്ത്‌  ആധാരം വീട്ടിലെത്തിച്ച  നന്മയ്‌ക്ക്‌‌ ‌ മുമ്പിൽ  അവർ  നന്ദി പറയുന്നു.  ഏഴ്‌ വർഷം മുമ്പാണ്‌ പള്ളിക്കുന്ന്‌ചുണ്ടക്കര  നടുവിൽ മുറ്റത്ത്‌ സാജൻ കടക്കെണി മൂലം ആത്മഹത്യ ചെയ്‌തത്‌.  ഭർത്താവ്‌ മരിക്കുമ്പോൾ  വൈത്തിരി പ്രാഥമിക  കാർഷിക  ഗ്രാമ വികസന ബാങ്കിൽ നിന്നെടുത്ത  280411 രൂപ ഉൾപ്പെടെയുള്ള കടബാധ്യതയും പണി  തീരാത്ത ഒരു വീടും മാത്രമായിരുന്നു കൂട്ട്‌.‌   ആരോഗ്യ പ്രശ്‌നങ്ങൾ  കാരണം ജോലിക്ക്‌ പോകാൻ പോലും കഴിയാതെ നിരാലംബരായായ ജെന്നിഫക്ക്‌ മുമ്പിൽ  സർക്കാർ സഹായത്തിന്റെ വാതിലുകൾ മലർക്കേ തുറന്നു.    ഒന്നര ലക്ഷം രൂപ കടാശ്വാസ കമീഷന്റെ ഭാഗമായി എഴുതി തളളി. ബാക്കി   രണ്ടര ലക്ഷം രൂപയുടെ കടബാധ്യത കാർഷിക കടാശ്വാസത്തിന്റെ ഭാഗമായി സർക്കാർ എഴുതി തള്ളി. ബാക്കി വരുന്ന 130411 രൂപ ബാങ്ക്‌ പ്രത്യേക തീരുമാനപ്രകാരവും ഒഴിവാക്കി.  സി കെ ശശീന്ദ്രൻ എംഎൽഎയും ബാങ്ക്‌  ഭരണസമിതി ഭാരവാഹികളും ജീവനക്കാരും ചേർന്ന്‌ ജെന്നിഫയുടെ വീട്ടിൽ ആധാരം എത്തിക്കുകയായിരുന്നു.  ഒമ്പത്‌, ആറ്‌ ക്ലാസുകളിൽ പഠിക്കുന്ന രണ്ട്‌ മക്കൾക്കൊപ്പം ജീവിക്കാനുള്ള പോരാട്ടത്തിലാണെങ്കിലും കിടപ്പാടം തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണീ വീട്ടമ്മ. Read on deshabhimani.com

Related News