ഓർമകളിൽ നിറയെ...

കൽപ്പറ്റയിൽ 2019 ഫെബ്രുവരി നാലിന്‌ എകെഎസ്‌ സംഘടിപ്പിച്ച ആദിവാസി സഭ കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യുന്നു (ഫയൽ ചിത്രം)


കൽപ്പറ്റ  കോടിയേരിയുടെ ഓർമകളിലാണ്‌ വയനാടും. എല്ലാ നാവുകളിലും ആ പേരുമാത്രം. മലയോര ജനതയ്ക്ക്‌ അത്രമേൽ പ്രിയങ്കരനായിരുന്നു ഈ കമ്യൂണിസ്റ്റ്‌ നേതാവ്‌. പൊതുപ്രവർത്തകൻ, ഭരണകർത്താവ്‌ എന്നിവയ്‌ക്കുമപ്പുറം വയനാട്‌ ഹൃദയത്തിൽ ചേർത്ത പേരാണ്‌ ‘കോടിയേരി’. അവസാനമായി ഒന്നുകാണാൻ ഞായറാഴ്‌ച കണ്ണൂരിലേക്ക്‌ ചുരമിറങ്ങിയത്‌ ആയിരങ്ങളാണ്‌.  ‘ഞാനും നിങ്ങളുടെ സങ്കടങ്ങൾക്കൊപ്പമാണ്‌. നല്ല നാളെയ്‌ക്കായി നമുക്ക്‌ ഒരുമിച്ച്‌ പൊരുതാം. വിജയം സുനിശ്ചിതമാണ്‌. ഒരു ചുരത്തിന്റെ അകലത്തിൽ ഞാനുണ്ട്‌. ഒന്നിച്ചു മുന്നേറാം’–-കൽപ്പറ്റയിൽ എകെഎസ്‌ നേതൃത്വത്തിൽ നടത്തിയ ആദിവാസിസഭ  ഉദ്‌ഘാടനംചെയ്ത്‌ കോടിയേരി പറഞ്ഞ വാക്കുകൾ ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നുണ്ട്‌. ജില്ലയിലെത്തുമ്പോൾ കോടിയേരി നാവുകൊണ്ടല്ല,  ഹൃദയം കൊണ്ടാണ്‌ സംസാരിച്ചിരുന്നത്‌. അടിസ്ഥാന ജനവിഭാഗത്തോട്‌ അത്രയ്ക്ക്‌ ഇഴുകിച്ചേർന്നതായിരുന്നു ആ ജീവിതം.  ആദിവാസി ഭൂസമരങ്ങൾക്ക്‌ നൽകിയ പിന്തുണ ഒരിക്കലും വിസ്‌മരിക്കാനാവുന്നതല്ലെന്ന്‌ ദീർഘകാലം എകെഎസ്‌ ജില്ലാ സെക്രട്ടറിയായിരുന്ന പി വാസുദേവൻ അനുസ്‌മരിച്ചു. ‘ആദിവാസികളുടെ പ്രശ്‌നങ്ങൾ ജാഗ്രതയോടെ മനസ്സിലാക്കി  പരിഹരിക്കാൻ പാർടിതലത്തിലും ഭരണതലത്തിലും ഗൗരവമായ  ഇടപെടലുകൾ നടത്തുമായിരുന്നു.  ഭൂസമര കേന്ദ്രങ്ങൾ സന്ദർശിച്ചു.  കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന്‌ കോടിയേരി അതിയായി ആഗ്രഹിച്ചിരുന്നു. അസുഖ ബാധിതനായതിനാലാണ്‌ സാധിക്കാതിരുന്നത്‌’–- എകെഎസ്‌ സംസ്ഥാന ജോ. സെക്രട്ടറികൂടിയായ വാസുദേവൻ പറഞ്ഞു.  ഇതേ അനുഭവങ്ങളാണ്‌ മറ്റു വർഗ ബഹുജന സംഘടനാ നേതാക്കളും പ്രവർത്തകരും പങ്കുവയ്ക്കുന്നത്‌. കർഷകത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലും സംഘടനയുടെ വളർച്ചയ്ക്കും നിരന്തരം ഇടപെട്ടു. വിദ്യാർഥികളുടെയും യുവജനങ്ങളുടെയും ഹൃദയം കവർന്നു. അടുത്തിടെ എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും ജില്ലയിൽ നിർമിച്ച ജില്ലാ കമ്മിറ്റി ഓഫീസ്‌ ഉദ്‌ഘാടനംചെയ്തതും കോടിയേരിയായിരുന്നു.   Read on deshabhimani.com

Related News