മോട്ടോർ തൊഴിലാളികൾ 
ചെയര്‍പേഴ്‌സനെ ഉപരോധിച്ചു



  മാനന്തവാടി മാനന്തവാടി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ  മാലിന്യനീക്കം നിലച്ചതിൽ പ്രതിഷേധിച്ച്‌ ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ നഗരസഭ ചെയർപേഴ്‌സൺ സി കെ രത്‌നവല്ലിയെ  ഉപരോധിച്ചു. ഗാന്ധിപാർക്ക്, വള്ളിയൂർക്കാവ് ജങ്‌ഷൻ, പോസ്റ്റ് ഓഫീസ് ജങ്‌ഷൻ തുടങ്ങി വിവിധ പ്രദേശങ്ങളിലെ മാലിന്യനീക്കം നിലച്ചിരിക്കുകയാണ്. മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് ഗാന്ധി പാർക്കിലെ ക്ലോക്ക് റൂം പൊളിച്ചിരുന്നു. എന്നാല്‍ സമീപത്തെ ടാങ്കിലെ കക്കൂസ് മാലിന്യം നീക്കിയിരുന്നില്ല. ഇതോടെ‌ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരും കച്ചവടക്കാരും കാൽനടയാത്രക്കാരും ദുരിതത്തിലായി. പരാതികൾ ഉയർന്നതോടെ മാർച്ചിൽ മാലിന്യം നീക്കം ചെയ്യുമെന്ന് അധികൃതർ പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. മാലിന്യം നീക്കാത്തതിനാല്‍ ഹൈവേ നവീകരണവും അനിശ്ചിതത്വത്തിലായി. പ്രതിഷേധത്തെ തുടര്‍ന്ന് സമരക്കാരുമായി നടത്തിയ ചർച്ചയിൽ ഏഴ്‌ ദിവസത്തിനകം മാലിന്യം നീക്കുമെന്ന്‌ രേഖാമൂലം നഗരസഭാ അധികൃതർ അറിയിച്ചതോടെ ഉപരോധം അവസാനിപ്പിച്ചു. ഏരിയാ സെക്രട്ടറി ബാബു ഷജിൽ കുമാർ, പ്രസിഡന്റ് പി യു സന്തോഷ് കുമാർ, പി വി ബിനു, വി ബി അജീഷ്, കെ ആർ ശരത്, പി ടി സന്ദീപ്‌ എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com

Related News