കെണിയിലായത് പൊന്മുടിക്കോട്ടയെ 
ഭീതിയിലാഴ്‌ത്തിയ കടുവ

ബത്തേരി പൊന്മുടിക്കോട്ടയിലും പരിസരത്തും രണ്ടുമാസത്തിലേറെയായി വളർത്തുമൃഗങ്ങളെ ആക്രമിച്ച്‌ ഭീതിവിതച്ച കടുവയാണ്‌ പാടിപറമ്പിൽ കുരുക്കിൽക്കുടുങ്ങി ചത്തതെന്ന്‌ വനം വകുപ്പിന്റെ സ്ഥിരീകരണം.


ബത്തേരി പൊന്മുടിക്കോട്ടയിലും പരിസരത്തും  രണ്ടുമാസത്തിലേറെയായി വളർത്തുമൃഗങ്ങളെ ആക്രമിച്ച്‌ ഭീതിവിതച്ച കടുവയാണ്‌ പാടിപറമ്പിൽ കുരുക്കിൽക്കുടുങ്ങി ചത്തതെന്ന്‌  വനം വകുപ്പിന്റെ സ്ഥിരീകരണം. ബുധൻ വൈകിട്ട്‌ അഞ്ചരക്കാണ്‌ ഒന്നര വയസ്സുള്ള ആൺകടുവയെ കമ്പിക്കുരുക്കിൽ കഴുത്ത്‌ കുടുങ്ങി ചത്തനിലയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കണ്ടെത്തിയത്‌.  അതിന്‌ തൊട്ടുമുമ്പ്‌ അമ്പുകുത്തി വെള്ളച്ചാട്ടത്തിന്‌ സമീപം കാണപ്പെട്ട മറ്റൊരു കടുവയെ പിന്തുടരുന്നതിനിടെയാണ്‌ വനപാലകരുടെ ശ്രദ്ധയിൽ കമ്പിക്കുരുക്കിൽ കടുങ്ങിയ കടുവയുടെ ജഡം കണ്ടത്‌. ചത്തത്‌ രണ്ടുമാസം മുമ്പ്‌ കുപ്പമുടിയിൽ കൂട്ടിലകപ്പെട്ട പെൺകടുവയുടെ കുട്ടിയാണെന്ന്‌ വനം അധികൃതർ പറഞ്ഞു. കടുവയെ പിടികൂടുന്നതിന്‌ പ്രദേശത്ത്‌ മൂന്ന്‌ കൂടുകൾ സ്ഥാപിച്ച്‌ വനം വകുപ്പ്‌ സ്ഥലത്ത്‌ നിരീക്ഷണം ശക്തമാക്കിയിരുന്നു. കുപ്പാടിയിലെ ഫോറസ്‌റ്റ്‌ വെറ്ററിനറി ലാബിൽ വ്യാഴം രാവിലെ കടുവയുടെ ജഡം വനം വകുപ്പിലെ വെറ്ററിനറി ഓഫീസർമാരായ ഡോ. അരുൺ സത്യൻ, ഡോ. അജേഷ്‌ മോഹൻദാസ്‌ എന്നിവർ പോസ്‌റ്റുമോർട്ടം നടത്തി. ജഡം  വനത്തിൽ സംസ്‌കരിച്ചു. കടുവ കമ്പിക്കുരുക്കിൽ കുടുങ്ങി ചത്ത സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്നാണ്‌ വനം അധികൃതരിൽനിന്ന്‌ ലഭിക്കുന്ന സൂചന. മേപ്പാടി ഫോറസ്‌റ്റ്‌ റെയിഞ്ച്‌ പരിധിയിലാണ്‌ പാടിപറമ്പ്‌ പ്രദേശം. Read on deshabhimani.com

Related News